മുംബൈയിൽ ബിസിനസുകാരന് അനുകൂലവിധി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന കേസിൽ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി അജാസുദീൻ എസ്.കാസിക്കെതിരെ പ്രതികൂല മൊഴി നൽകി ക്ലാർക്ക് ചന്ദ്രകാന്ത് വാസു. അജാസുദീൻ എസ്.കാസിക്കായി കൈ കൂലി വാങ്ങിക്കുന്നതിൽ താൻ ഇടനിലക്കാരനായി പ്രവർത്തിക്കുകയായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ക്ലർക്കു ചന്ദ്രകാന്ത് വാസു പൊലീസിനു മൊഴി നൽകിയത്.
മസ്ഗാവിലെ സെഷൻസ് കോടതി ജഡ്ജിയാണ് അജാസുദീൻ. ഇയാൾ ഇപ്പോൾ ഒളിവിലാണ്. ക്ലർക്കിന്റെ ജാമ്യഹർജി കോടതി ഇന്നു പരിഗണിക്കും. മുംബൈയിലെ ബിസിനെസ്സുകാരൻ തന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ചിലർ തട്ടിയെടുത്തു എന്ന ആരോപിച്ചാണ് പരാതി നൽകിയത്. ഇതിന് അനുകൂലമായ വിധി താൻ പറയാമെന്നും അതിന് പകരമായി തനിക് 25 ലക്ഷം രൂപ നൽകണം എന്നും ജഡ്ജി ക്ലാർക്ക് വഴി ആവശ്യപ്പെട്ടു. അതിൽ 15 ലക്ഷം രൂപ ജഡ്ജിക്കും ബാക്കി തനിക്കും ആണെന്ന് പരാതിക്കാരനോട് പറഞ്ഞു. അത്രയും തുക നൽകാൻ തയ്യാറാകാതിരുന്ന പരാതിക്കാരൻ വിലപേശലിനോടുവിൽ 15 ലക്ഷത്തിൽ ഇടപാട് ഉറപ്പിച്ചു.
എന്നാൽ ഇതിനിടയിൽ പരാതിക്കാരൻ അഴിമതി വിരുദ്ധ വിഭാഗത്തിനു (എസിബി) പരാതി നൽകിയിരുന്നു. ഈ മാസം 10ന് ചെമ്പൂരിലെ കഫേയിൽ തുക കൈമാറാമെന്ന് ക്ലർക്കിനോട് പരാതിക്കാരൻ എസിബിയുടെ നിർദ്ദേശപ്രകാരം പറഞ്ഞു. അങ്ങനെ പണം വാങ്ങാനായി എത്തിയപ്പോഴാണ് എസിബി പിടി കൂടുന്നത്.
കുടുംബപ്രശ്നത്തിൽ സഹായിയായി എത്തിയതോടെയാണ് ക്ലർക്കും ജഡ്ജിയുമായി പരിചയം ആയത്. ഒരു വർഷത്തോളമായി രണ്ട് പേർക്കും പരിചയമുണ്ട്. ക്ലാർക്ക് അറസ്റ്റിലായ ഉടനെ എസിബിയുടെ നിർദേശമനുസരിച്ച് ജഡ്ജിയെ ഫോണിൽ വിളിച്ചു കൈ കൂലി വീട്ടിൽ എത്തിക്കാമെന്ന് പറയുകയും ഉടൻ തന്നെ അന്വേഷണസംഘം ജഡ്ജിയുടെ വീട്ടിൽ ചെന്നെക്കിലും വീട് പൂട്ടിയിരുന്നു.
കൈക്കൂലിയുടെ ഭാഗമായവരുടെ ഫോൺ സംഭാഷണ റെക്കോർഡുകൾ, വിഡിയോ റെക്കോർഡുകൾ എന്നിവ ശേഖരിച്ച എസിബി, കൈക്കൂലിയായി നൽകിയ പണം, ക്ലാർക്കിന്റെ ഫോൺ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
















