ബിഹാറിൽ പുതിയ എൻഡിഎ സർക്കാർ രൂപവത്കരണത്തിനായുള്ള നിർണായക നീക്കങ്ങൾക്ക് ഇന്ന് തുടക്കമാകും. നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാർ ബുധനാഴ്ച രാവിലെ ഔദ്യോഗികമായി തൻ്റെ മുഖ്യമന്ത്രിസ്ഥാനം രാജിവെക്കും. ഇതിന് മുന്നോടിയായി, ജെഡിയു നിയമസഭാ കക്ഷി നേതാവായി ഇന്ന് തന്നെ അദ്ദേഹം വീണ്ടും തിരഞ്ഞെടുക്കപ്പെടും. വൈകുന്നേരം മൂന്നരയോടെ എൻഡിഎ സഖ്യത്തിലെ അഞ്ച് പാർട്ടികളുടെയും സംയുക്ത സഭാകക്ഷി നേതാവായും നിതീഷ് കുമാർ തിരഞ്ഞെടുക്കപ്പെടുന്നതോടെ ഭരണത്തുടർച്ച ഉറപ്പാകും. തുടർന്ന് രാജ്ഭവനിലെത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് രാജിക്കത്ത് നൽകിയ ശേഷം, പുതിയ സർക്കാർ രൂപവത്കരണത്തിനായി അദ്ദേഹം അവകാശവാദം ഉന്നയിക്കും.
നിതീഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ വ്യാഴാഴ്ച അധികാരമേൽക്കാനാണ് ഒരുങ്ങുന്നതെങ്കിലും, എൻഡിഎ മുന്നണിയിൽ പ്രധാന വകുപ്പു വിഭജനം സംബന്ധിച്ച് ഇപ്പോഴും അന്തിമ ധാരണയായിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സുപ്രധാനമായ ആഭ്യന്തരവകുപ്പ് ആര് കൈകാര്യം ചെയ്യുമെന്ന കാര്യത്തിലാണ് തർക്കം കലശലായിരിക്കുന്നത്. ദീർഘകാലമായി ഈ വകുപ്പ് ജെഡിയുവിൻ്റെ കൈവശമാണ്, അത് വിട്ടുകൊടുക്കാൻ അവർക്ക് താൽപര്യമില്ല. എന്നാൽ, സഖ്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ കൂടുതൽ പ്രധാനപ്പെട്ട വകുപ്പുകൾ ലഭിക്കണമെന്ന നിലപാടിലാണ് ബിജെപി.
സ്പീക്കർ സ്ഥാനത്തെച്ചൊല്ലിയും ജെഡിയുവും ബിജെപിയും തമ്മിൽ ഭിന്നത നിലനിൽക്കുന്നുണ്ട്. കാലാവധി അവസാനിക്കുന്ന നിയമസഭയിൽ ബിജെപിക്കായിരുന്നു സ്പീക്കർ സ്ഥാനം. അത് നിലനിർത്താൻ ബിജെപി നിർബന്ധം പിടിക്കുമ്പോൾ, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ജെഡിയുവിനായിരുന്നു. മന്ത്രിസഭാ വികസനത്തിൽ നിലവിലെ ജെഡിയു മന്ത്രിമാരെ നിലനിർത്താനും ബിജെപി പുതുമുഖങ്ങൾക്ക് അവസരം നൽകാനും സാധ്യതയുണ്ട്. ചിരാഗ് പസ്വാൻ്റെ എൽജെപി (ആർവി)ക്ക് മൂന്ന് മന്ത്രിസ്ഥാനങ്ങളും, എച്ച്.എ.എമ്മിനും ആർ.എൽ.എമ്മിനും ഓരോ മന്ത്രിസ്ഥാനവും ലഭിക്കുമെന്നാണ് സൂചന.
പുതിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങ് വ്യാഴാഴ്ച രാവിലെ പട്‌നയിലെ ഗാന്ധി മൈതാനത്ത് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മറ്റ് കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തേക്കും.
















