സൗദി വിമർശകനും പ്രമുഖ മാധ്യമപ്രവർത്തകനുമായിരുന്ന ജമാൽ ഖഷോഗിയുടെ വധത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് (എം.ബി.എസ്) പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഖഷോഗി വധത്തെ ന്യായീകരിക്കുന്ന തരത്തിലുള്ളതാണ് ട്രംപിന്റെ പുതിയ പ്രസ്താവനകൾ. 2021-ലെ സി.ഐ.എ റിപ്പോർട്ടിൽ സൗദി കിരീടാവകാശിയുടെ പങ്ക് കണ്ടെത്തിയിരുന്നുവെങ്കിലും, ആ റിപ്പോർട്ടിനെ നിരാകരിക്കുന്ന നിലപാടാണ് ട്രംപ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
മുഹമ്മദ് ബിൻ സൽമാനുമായി വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു ട്രംപിൻ്റെ പ്രതികരണം. ഖഷോഗിയെ മാധ്യമപ്രവർത്തകർ പരാമർശിച്ചപ്പോൾ, അദ്ദേഹം “വളരെ വിവാദപുരുഷനായ ഒരാളായിരുന്നു” എന്നും, “നിങ്ങൾ സംസാരിക്കുന്ന ആ മാന്യനെ ഒരുപാട് പേർക്ക് ഇഷ്ടമായിരുന്നില്ല” എന്നും ട്രംപ് പറഞ്ഞു. “നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടമായാലും ഇല്ലെങ്കിലും പലതും സംഭവിക്കും,” എന്ന് പറഞ്ഞ ട്രംപ്, കിരീടാവകാശിക്ക് ഇതേക്കുറിച്ച് യാതൊന്നും അറിയില്ലായിരുന്നുവെന്നും വ്യക്തമാക്കി. തുടർന്ന്, എം.ബി.എസ്സിൻ്റെ നേർക്ക് തിരിഞ്ഞ് “നമുക്ക് ഇത് ഇവിടെ നിർത്താം” എന്നും ട്രംപ് ആവശ്യപ്പെട്ടു. അതേസമയം, ജമാൽ ഖഷോഗി കൊല്ലപ്പെട്ടത് “വലിയ തെറ്റും വേദനാജനകവുമാണ്” എന്ന് മുഹമ്മദ് ബിൻ സൽമാൻ മറുപടി നൽകി. 2018-ലെ വധത്തിനുശേഷം ഇതാദ്യമായാണ് സൗദി കിരീടാവകാശി യു.എസിൽ എത്തുന്നത്.
ട്രംപും എം.ബി.എസ്സും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പ്രതിരോധം, ഊർജം എന്നീ മേഖലകളിൽ സുപ്രധാന കരാറുകൾക്ക് ധാരണയായി. സിവിൽ ആണവോർജ കരാറുകൾക്ക് പുറമെ, അത്യാധുനിക യു.എസ്. എഫ്-35 യുദ്ധവിമാനങ്ങൾ സൗദി അറേബ്യക്ക് വിൽക്കുന്നത് സംബന്ധിച്ചും ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. 48 പുതിയ വിമാനങ്ങൾ വാങ്ങാൻ സൗദി താൽപര്യം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ പ്രഖ്യാപനം വന്നത്. നിലവിൽ മധ്യപൂർവദേശത്ത് ഇസ്രയേലിനാണ് എഫ്-35 യുദ്ധവിമാനം കൈവശമുള്ള ഏക രാജ്യം. സൗദി വിമർശകനായിരുന്ന ഖഷോഗിയെ തുർക്കിയിലെ ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ചാണ് 2018 ഒക്ടോബർ 2-ന് കൊലപ്പെട്ടത്.
















