സാമൂഹ്യമാധ്യമം വഴി മുഖ്യമന്ത്രി പിണറായി വിജയനെ കൊലപ്പെടുത്താൻ ആഹ്വാനം ചെയ്ത സംഭവത്തിൽ ഡി.ജി.പിക്ക് പരാതി. അഭിഭാഷകയും കന്യാസ്ത്രീയുമായ ടീന ജോസിനെതിരെയാണ് സുപ്രീം കോടതി അഭിഭാഷകനായ സുഭാഷ് തീക്കാടൻ പരാതി നൽകിയിരിക്കുന്നത്.
തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് സെൽറ്റൻ എൽ ഡിസൂസ എന്ന വ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെയാണ് സിസ്റ്റർ ടീന ജോസ് കൊലവിളി കമൻ്റ് പോസ്റ്റ് ചെയ്തത്.
‘അന്നേരമെങ്കിലും ആരെങ്കിലും ഒരു ബോംബെറിഞ്ഞു തീർത്തുകളയണം അവനെ. നല്ല മനുഷ്യനായ രാജീല് ഗാന്ധിയെ തീർത്ത ഈ ലോകത്തിന് അതൊക്കെ പറ്റും’- എന്നായിരുന്നു കമന്റ്. 23 മൂന്ന് മണക്കൂർ മുമ്പാണ് സെൽറ്റൺ എൽ ഡിസൂസ എന്നയാൾ നാളെ മുതൽ ക്യാപ്റ്റനും ഇറങ്ങുന്നു എന്ന പോസ്റ്റ് ഫേസ്ബുക്കിൽ കുറിച്ചത്. പ്രചാരണത്തിന് മുഖ്യമന്ത്രിയും എന്ന ഒരു ടിവി ചാനലിന്റെ സ്‌ക്രീൻ ഷോട്ട് പങ്കുവെച്ചായിരുന്നു ഡിസൂസയുടെ കുറിപ്പ്.
അതിനിടെ ടീന ജോസിനെ തള്ളി സിഎംസി സന്യാസിനി സമൂഹം രംഗത്ത് എത്തി. ടീന ജോസിന്റെ അംഗത്വം 2009ൽ കാനോനിക നിയമങ്ങൾക്ക് അനുസൃതമായി റദ്ദാക്കിയതാണ്. സന്യാസ വസ്ത്രം ധരിക്കാൻ അനുവാദമില്ലാത്തയാളാണ് ടീന. ടീന ജോസ് ചെയ്യുന്ന കാര്യങ്ങൾ പൂർണ്ണമായും അവരുടെ ഉത്തരവാദിത്തത്തിലാണെന്നും സിഎംസി സമൂഹത്തിന് പങ്കില്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
















