മുൻ മഹാരാഷ്ട്ര മന്ത്രി ബാബ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതികളിലൊരാളും അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയുടെ ഇളയ സഹോദരനുമായ അൻമോൽ ബിഷ്ണോയിയെ അമേരിക്കയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചു. ഡൽഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ മൂന്നിലാണ് കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെ ഇയാളെ എത്തിച്ചത്. അൻമോലിനെ കൊണ്ടുവരുന്നതിന് മുന്നോടിയായി വിമാനത്താവളത്തിലും പരിസരത്തും പോലീസ് ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ വിപുലമായ സുരക്ഷാ പരിശോധന നടത്തിയിരുന്നു. വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഇയാളെ പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ വർഷം ഒക്ടോബർ 12-ന് രാത്രിയിലാണ് എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിയെ ബാന്ദ്രയിലെ മകൻ സീഷൻ സിദ്ദിഖിയുടെ ഓഫിസിന് മുന്നിൽ വെച്ച് ലോറൻസ് ബിഷ്ണോയിയുടെ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. ഈ കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ അൻമോൽ ബിഷ്ണോയിക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. കൂടാതെ, 2022-ൽ വെടിയേറ്റ് മരിച്ച പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിലും അൻമോൽ ബിഷ്ണോയിയുടെ പേര് ഉയർന്നുവന്നിരുന്നു. ഇയാളെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്ന അൻമോൽ ബിഷ്ണോയിയെ കഴിഞ്ഞ വർഷം നവംബറിലാണ് യുഎസ് അധികൃതർ കസ്റ്റഡിയിലെടുത്തത്. ഇയാൾ വ്യാജരേഖയുടെ അടിസ്ഥാനത്തിൽ വാങ്ങിയ റഷ്യൻ പാസ്‌പോർട്ട് ഉപയോഗിച്ചാണ് വിദേശത്ത് കഴിഞ്ഞിരുന്നത്. നാടുകടത്തിയതിനെ തുടർന്നാണ് ഇയാളെ ഇന്ത്യയ്ക്ക് കൈമാറിയത്.
അതേസമയം, അമേരിക്കയിൽ നിന്ന് നാടുകടത്തിയതിനെ തുടർന്ന് ഇന്ത്യയിലെത്തിയ അൻമോൽ ബിഷ്ണോയിയുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബന്ധുവായ രമേശ് ബിഷ്ണോയി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഗുണ്ടാസംഘം നേതാവ് ലോറൻസ് ബിഷ്ണോയിയുടെ സഹോദരനായതിന്റെ പേരിൽ മാത്രമാണ് അൻമോൽ ശിക്ഷിക്കപ്പെടുന്നതെന്നും, നിയമത്തിൽ വിശ്വാസമുണ്ടെങ്കിലും ബന്ധുവിന്റെ സുരക്ഷയാണ് പ്രധാന പരിഗണനയെന്നും രമേശ് ബിഷ്ണോയി പറഞ്ഞു.
















