പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ നയൻതാരയ്ക്ക് റോൾസ് റോയ്സ് സമ്മാനിച്ചിരിക്കുകയാണ് ഭർത്താവ് വിഘ്നേഷ് ശിവൻ. 9.5 കോടി രൂപയുടെ റോൾസ് റോയ്സ് ആണ് നയൻതാരക്ക് അദ്ദേഹം നൽകിയത്. റോള്‍സ് റോയ്സിന്റെ ഇലക്ട്രിക് കാർ സ്പെക്ടറിന്റെ ബ്ലാക് ബാഡ്ജ് എഡിഷനാണ് നടിയുടെ ഗാരിജിലെ പുതിയ താരം.
2023 ലെ പിറന്നാളിന് 2.9 കോടിയുടെ മെയ്ബ വിഘ്നേഷ് സമ്മാനിച്ചിരുന്നു. എന്റെ ജീവൻ നയൻതാരയ്ക്ക് ജന്മദിനാശംസകൾ എന്ന് അടിക്കുറിപ്പോടെ പുതിയ വാഹനത്തിനൊപ്പം നയൻതാരയും മക്കളായ ഉയിരും ഉലകും വിഘ്നേഷും നിൽക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. സൂപ്പർഹിറ്റ് സംവിധായകൻ ആറ്റ്ലിയും കഴിഞ്ഞ ദിവസം സ്പെക്ടർ സ്വന്തമാക്കിയിരുന്നു. ആറ്റ്ലി 7.5 കോടിയുടെ സെപ്കടറാണ് സ്വന്തമാക്കിയത് എങ്കിൽ നയൻതാരയുടേത് 9.5 കോടിയുടെ സ്പെക്ടർ ബ്ലാക് ബാഡ്ജാണ്.
ഈ വർഷം ജനുവരിയിലാണ് റോൾസ് റോയ്സ്, സ്പെക്ടർ ബ്ലാക് ബാഡ്ജിനെ ഇന്ത്യൻ വിപണിയിൽ എത്തിച്ചത്. ആഡംബര സൗകര്യങ്ങളിൽ മറ്റൊരു വാഹനത്തോടും താരതമ്യം പോലും അസാധ്യമായ സ്പെക്ടറിൽ 102 kWh ബാറ്ററിയാണ് ഉപയോഗിക്കുന്നത്. ബാറ്ററിക്ക് മാറ്റങ്ങളൊന്നുമില്ലെങ്കിലും സ്പെക്ടർ ബ്ലാക് ബാഡ്ജിന് കരുത്തു കുടുതലുണ്ട്. 530 കിലോമീറ്റർ റേഞ്ച് നൽകുന്ന സ്പെക്ടറിന്റെ കരുത്ത് 585 എച്ച്പിയും ടോർക്ക് 900 എൻഎമ്മുമാണെങ്കിൽ. സ്പെക്ടർ ബ്ലാക് ബാഡ്ജിന് 659 ബിഎച്ച്പി കരുത്തും 1075 എൻഎം ടോർക്കുമുണ്ട്.
രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് സ്‌പെക്ടറിൽ. 2890 കിലോഗ്രാം ഭാരമുള്ള ഈ കാറിന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 4.5 സെക്കന്‍ഡ് മതി. 195 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ വെറും 34 മിനിറ്റിൽ 10 ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ സാധിക്കും. പുതിയ ഫാന്റവും കള്ളിനനും നിർമിച്ച ഓൾ അലുമിനിയം സ്പേസ് ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്പെക്ടറിന്റെ നിർമാണം. നാലു വീൽ ഡ്രൈവ്, ആക്ടീവ് സസ്പെൻഷനും വാഹനത്തിലുണ്ട്.
അൾട്രാ ലക്ഷ്വറി സൂപ്പർകൂപ്പേ വിഭാഗത്തിൽ എത്തുന്ന രണ്ടു ഡോർ ഇലക്ട്രിക് കാറിൽ ആഡംബര ഫീച്ചറുകളുടെ നീണ്ട നിര തന്നെയുണ്ട്. റീഡിസൈൻ ചെയ്ത സ്പിരിറ്റ് ഓഫ് എക്സ്റ്റസിയാണ് മുന്നിൽ. ഫാന്റം കൂപ്പെയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഹെഡ്‌ലാംപ്. ഇലുമിനേറ്റഡ് എൽഇഡി ലൈറ്റുകളുള്ള ഗ്രിൽ, നേർരേഖ പോലുള്ള എൽഇഡി ഡേറ്റൈം റണ്ണിങ് പുകൾ, ആർആർ ലോഗോയുള്ള വീലുകൾ, മനോഹരമായ പിൻഭാഗം എന്നിവ സ്പെക്ടറിലുണ്ട്. ഡ്യുവൽ ടോണിലാണ് ഇന്റീരിയർ. റോൾസ് റോയ്സിന്റെ മറ്റു വാഹനങ്ങൾ പോലെ തന്നെ സ്റ്റാർ ലൈറ്റ് റൂഫാണ് ഇന്റീരിയറിൽ. ഡോർ പാഡുകളിലും സ്റ്റാർ ലൈറ്റ് നൽകിയിട്ടുണ്ട്.
ബ്ലാക്ക് ബാഡ്ജിന് വ്യത്യസ്തമായ 23 ഇഞ്ച് ഫോർജ്ഡ് അലുമിനിയം വീലുകളും, ഒരു പുതിയ വേപ്പർ വയലറ്റ് പെയിന്റും ലഭിക്കുന്നു. റോൾസ് റോയ്സ് അതിശയകരമായ 44,000 എക്സ്റ്റീരിയർ കളർ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, റോൾസ് റോയ്സ് ബെസ്പോക്ക് ഡിവിഷൻ വഴി ഒരു പ്രത്യേക വില നൽകി ഇഷ്ടാനുസൃത നിറം തിരഞ്ഞെടുക്കാനും സാധിക്കും. ബ്രാൻഡിന്റെ ബ്ലാക്ക് ബാഡ്ജ് മോഡലുകളിൽ സാധാരണയായി കാണുന്നതുപോലെ, സ്പിരിറ്റ് ഓഫ് എക്സ്റ്റസി ഹുഡ് ഓർണമെന്റ്, മുൻവശത്തെ ഗ്രിൽ, ഡോർ ഹാൻഡിലുകൾ, ബാഡ്ജുകൾ എന്നിവയെല്ലാം കറുപ്പ് ഘടകങ്ങളിൽ ഉൾപ്പെടുന്നു. സ്പെക്ട്രെ ബ്ലാക്ക് ബാഡ്ജിൽ, ഇലുമിനേറ്റഡ് മുൻ ഗ്രില്ലും ഡോർ സില്ലുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ഇവയ്ക്ക് ടെയ്ലേർഡ് പർപ്പിൾ, ചാൾസ് ബ്ലൂ, ചാർട്രസ്, ഫോർജ് യെല്ലോ എന്നിങ്ങനെ നാല് നിറങ്ങളുണ്ട്.
സാധാരണ സ്പെക്ട്രെ EV യെ അപേക്ഷിച്ച് ബ്ലാക്ക് ബാഡ്ജിന്റെ തനതായ സവിശേഷതകളിൽ, ബ്രാൻഡ് ‘ഇലുമിനേറ്റഡ് ഫാസിയ’ എന്ന് വിളിക്കുന്ന ഒരു ഘടകം ഉൾപ്പെടുന്നു. ഒരു പിയാനോ ബ്ലാക്ക് ഡാഷ്‌ബോർഡിൽ സജ്ജീകരിച്ചിട്ടുള്ള ഇത്, വ്യത്യസ്ത അനുപാതത്തിലും തീവ്രതയിലുമുള്ള 5,500-ലധികം ‘നക്ഷത്രങ്ങൾ’ ഉൾക്കൊള്ളുന്നു. കൂടാതെ, ഡ്രൈവറുടെ ഡിസ്പ്ലേയ്ക്കായി വിവിഡ് ഗ്രെല്ലോ, നിയോൺ നൈറ്റ്സ്, സയൻ ഫയർ, അൾട്രാ വയലറ്റ്, സിന്ത് വേവ് എന്നിങ്ങനെ 5 കളർ തീമുകളുണ്ട്. ഒപ്പം, കാബിനിലെ ധാരാളം ഭാഗങ്ങൾ കാർബൺ ഫൈബറിലോ ലോഹത്തിലോ ആണ് പൂർത്തിയാക്കിയിരിക്കുന്നത്.
















