മഹാരാഷ്ട്രയിലെ താനെ ജില്ലയിൽ ഭാഷയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് ആക്രമണത്തിന് വിധേയനായ കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി. ഒന്നാം വർഷ സയൻസ് വിദ്യാർത്ഥിയായ 19 വയസ്സുകാരനായ അർണവ് ലക്ഷ്മൺ ഖൈരെയാണ് മരിച്ചത്. കല്യാൺ ഈസ്റ്റിലെ അപ്പാർട്ട്‌മെൻ്റിൽ അർണവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കല്യാൺ, താനെ എന്നീ സ്റ്റേഷനുകൾക്കിടയിലാണ് അർണവിനെതിരെ ആക്രമണം നടന്നതെന്ന് പൊലീസ് കമ്മീഷണർ കല്യാൺജി ഗെറ്റെ അറിയിച്ചു.
സംഭവദിവസം രാവിലെ മുളുണ്ടിലുള്ള കോളജിൽ പോകാനാണ് അർണവ് ലോക്കൽ ട്രെയിനിൽ കയറിയത്. സെക്കൻഡ് ക്ലാസിലായിരുന്നു യാത്ര. ട്രെയിനിൽ തിരക്ക് കൂടിയതോടെ സഹയാത്രക്കാരനോട് ‘മുന്നോട്ട് നീങ്ങു’ എന്ന് അർണവ് ഹിന്ദിയിൽ ആവശ്യപ്പെട്ടു.
എന്നാൽ ഇതിൽ രോഷാകുലരായ ഒരു സംഘം, എന്താണ് മറാത്തി സംസാരിക്കാത്തത് എന്നു ചോദിച്ച് അക്രമിച്ചു. സംഭവത്തെ തുടർന്ന് അപ്പാർട്ട്മെന്റിൽ എത്തിയ അർണവ് വൈകിട്ട് തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
















