ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ. പത്മകുമാറിനെ കുടുക്കിയത് മുൻ ദേവസ്വം കമ്മീഷണറും ബോർഡ് പ്രസിഡൻ്റുമായിരുന്ന . വാസുവിൻ്റെ മൊഴി.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ അപേക്ഷയിൽ അമിത താത്പര്യമെടുത്തത് പത്മകുമാർ ആണെന്നും നടപടി വേഗത്തിലാക്കാൻ അദ്ദേഹം നിർദേശം നൽകിയെന്നുമാണ് എൻ വാസുവിന്റെ മൊഴി. പോറ്റിയും എ പത്മകുമാറും തമ്മിൽ അടുത്ത ബന്ധമാണുള്ളത്. പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതൽ വിവരങ്ങളും വാസു നൽകി.
താൻ അപേക്ഷ കൈമാറുക മാത്രമാണ് ചെയ്തതെന്നും വാസു അന്വേഷണ സംഘത്തിന് മൊഴി നൽകി. എക്‌സിക്യുട്ടീവ് ഓഫീസർക്ക് പാളികൾ അറ്റകുറ്റപ്പണി നടത്തണമെന്നാവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻപോറ്റി അപേക്ഷ നൽകി. ആ അപേക്ഷ ദേവസ്വം കമ്മീഷണറായ തന്നിലേക്ക് എത്തിപ്പെട്ടു. ഇത് ദേവസ്വം ബോർഡിലേക്ക് ഫോർവേഡ് ചെയ്യുകമാത്രമാണ് താൻ ചെയ്തത് എന്നാണ് വാസു നൽകിയ മൊഴി.
ഈ അപേക്ഷയിൽ അന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന പത്മകുമാർ പ്രത്യേക താല്പര്യം കാണിച്ചു. നടപടി വേഗത്തിലാക്കാൻ താനടക്കമുള്ള ദേവസ്വം ഉദ്യോഗസ്ഥർക്ക് പത്മകുമാർ നിർദേശം നൽകിയെന്നും വാസു പറയുന്നു. ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ എ പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.
















