ഇടുക്കി: മൂന്നാർ മാട്ടുപ്പെട്ടി മേഖലയിലുണ്ടായ ജീപ്പ് അപകടത്തിൽ വിനോദസഞ്ചാരമായെത്തിയ സ്കൂൾ വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. തമിഴ്നാട്ടിൽ നിന്നെത്തിയ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞത്.
അപകടത്തിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതര പരുക്കേറ്റതായാണ് വിവരം.. ഈ കുട്ടിയെ വിദഗ്ധ ചികിത്സക്കായി എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ മറ്റു മൂന്ന് കുട്ടികൾ മൂന്നാറിലെ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടസമയം വാഹനത്തിൽ ആകെ എട്ട് വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.
തമിഴ്നാട് തരൂരിൽ നിന്നുള്ള രണ്ട് ബസുകളിൽ ആയിരുന്നു വിദ്യാർത്ഥികളുടെ സംഘം മൂന്നാറിലേക്കെത്തിയത്. മൂന്നാറിലെത്തിയ ശേഷം സൈറ്റ് സീയിംഗിനായി ജീപ്പുകളിൽ യാത്ര തുടങ്ങിയ ഇവരിൽ ഒരു സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപെട്ടത്.
അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിച്ചു വരികയാണ്.
















