പൊതുവിദ്യാഭ്യാസ മേഖലയിൽ നടപ്പാക്കുന്ന പുതിയ പരിഷ്കാരങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി സുപ്രധാന പ്രസ്താവന നടത്തി. പൊതുരംഗത്തുള്ള മീനാക്ഷി ഉന്നയിച്ച അഭിപ്രായങ്ങൾക്ക് മറുപടി നൽകിക്കൊണ്ടാണ് മന്ത്രി പുതിയ പാഠ്യപദ്ധതിയുടെ രൂപരേഖ വിശദമാക്കിയത്.
കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും ലഭിച്ച നിർദ്ദേശങ്ങളെയും അഭിപ്രായങ്ങളെയും പരിഗണിച്ച്, എല്ലാവരുടെയും ആശങ്കകൾ പരിഹരിച്ചാണ് പാഠ്യപദ്ധതി തയ്യാറാക്കിയതെന്ന് അദ്ദേഹം ഉറപ്പുനൽകി.
കുട്ടികൾ അറിഞ്ഞിരിക്കേണ്ട എല്ലാ അടിസ്ഥാന വിവരങ്ങളും പരിഷ്കരിച്ച പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പാഠപുസ്തകങ്ങളുടെ കാലിക പ്രസക്തി നിലനിർത്താൻ, ഓരോ വർഷവും ഉണ്ടാകുന്ന മാറ്റങ്ങൾക്കനുസരിച്ച് പുസ്തകങ്ങൾ പുതുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇത് വിദ്യാഭ്യാസ സമ്പ്രദായത്തെ കാലത്തിനനുരിച്ച് മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കൂടുതൽ പ്രാധാന്യം നൽകേണ്ട അത്യാവശ്യ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഫസ്റ്റ് എയ്ഡ്, ട്രാഫിക് ബോധവൽക്കരണം, സാമ്പത്തിക സാക്ഷരത, വേസ്റ്റ് മാനേജ്‌മെന്റ്, നിയമ സാക്ഷരത തുടങ്ങിയ ആധുനിക വിഷയങ്ങൾ വിവിധ ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ചേർത്തിട്ടുണ്ട്. ഈ വിഷയങ്ങൾ വിദ്യാർഥികളെ പ്രായോഗിക ജീവിതത്തിൽ കൂടുതൽ സജ്ജരാക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട് പുതിയ അഭിപ്രായങ്ങളും ആശയങ്ങളും തുടർന്നും സ്വാഗതം ചെയ്യുമെന്നും, നല്ല കാര്യങ്ങളെല്ലാം വകുപ്പ് സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പൊതുവിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങൾക്കെതിരെയും അനുകൂലമായും വരുന്ന എല്ലാ അഭിപ്രായങ്ങളെയും വകുപ്പ് ഗൗരവമായി കാണുന്നു. മീനാക്ഷിയെ പോലുള്ളവരുടെ നിർദ്ദേശങ്ങൾക്ക് മന്ത്രി പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
















