റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള വ്യവസ്‌ഥകളുടെ പേരിൽ പ്രധാന സഖ്യകക്ഷിയായ യുഎസിന്റെ പിന്തുണ നഷ്ടപ്പെടുമെന്ന കടുത്ത സമ്മർദം നേരിടുകയാണെന്ന് യുക്രെയ്‌ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. രാജ്യത്തെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിലാണ് സെലെൻസ്കി ഇക്കാര്യം വ്യക്തമാക്കിയത്. സമാധാന പദ്ധതി അംഗീകരിക്കാൻ യുഎസിന്റെ സമ്മർദം ഏറിവരുന്നതിനാൽ വരും ദിവസങ്ങൾ യുക്രെയ്‌ന് വളരെ ബുദ്ധിമുട്ടുള്ളതായിരിക്കും എന്ന് സെലെൻസ്കി പറഞ്ഞു.
സെലെൻസ്കിയുടെ വാക്കുകൾ:
‘ഒന്നുകിൽ രാജ്യത്തിന്റെ അന്തസ്സ് നഷ്ടപ്പെടുത്തുക അല്ലെങ്കിൽ സുപ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെടുത്തുക… വളരെ കടുപ്പമേറിയ ഒരു തീരുമാനം എടുക്കേണ്ടിവരും. യുഎസുമായി ക്രിയാത്മകമായി പ്രവർത്തിക്കാൻ താൻ പ്രതിജ്ഞാബദ്ധനാണെങ്കിലും, യുക്രെയ്‌നിന്റെ ദേശീയ താൽപ്പര്യങ്ങളോ പരമാധികാരമോ വിട്ടുവീഴ്ച ചെയ്യില്ല. യുക്രെയ്‌ൻ സമാധാനം ആഗ്രഹിക്കുന്നില്ലെന്ന് റഷ്യയ്‌ക്ക് വാദിക്കാൻ അവസരം നൽകാതിരിക്കാൻ, നിർദ്ദിഷ്ട കരാറിൽ ഭേദഗതികൾ ആവശ്യപ്പെടും. ഞാൻ വാദങ്ങൾ ഉന്നയിക്കും, ഞാൻ പ്രേരിപ്പിക്കും, ബദലുകൾ നിർദ്ദേശിക്കും. 2022 ഫെബ്രുവരിയിൽ റഷ്യ യുക്രെയ്‌നിൽ ആക്രമണം ആരംഭിച്ചപ്പോൾ നമ്മൾ നമ്മുടെ രാജ്യത്തെ ഒറ്റുകൊടുത്തില്ല. ഇപ്പോഴും അങ്ങനെ ചെയ്യില്ല. ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ നിമിഷങ്ങളിലൊന്നാണിത്.’
















