കോഴിക്കോട്: മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ പൊതുയോഗങ്ങളും ജാഥകളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ സംഘടിപ്പിക്കാവൂ എന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടർ നിർദ്ദേശിച്ചു.
പൊതുയോഗങ്ങൾക്ക് മുൻപ് ബന്ധപ്പെട്ട പോലീസിനെ അറിയിക്കണമെന്നും ഗതാഗത തടസ്സം സൃഷ്ടിക്കരുതെന്നും കളക്ടർ വ്യക്തമാക്കി. തർക്കങ്ങൾ ഒഴിവാക്കാൻ പാർട്ടികൾ തമ്മിലുള്ള യോഗങ്ങളും ജാഥകളും തമ്മിൽ ഇടകലരാതിരിക്കണം. മറ്റുകക്ഷിയുടെ ചുവരുകളിലെ പരസ്യങ്ങൾ നശിപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
നിയന്ത്രണ ഉത്തരവോ നിരോധനാജ്ഞയോ നിലവിലുണ്ടെങ്കിൽ അത് കർശനമായി പാലിക്കണമെന്നും ഒഴിവാക്കണമെങ്കിൽ മുൻകൂർ അനുമതി നിർബന്ധമാണെന്നും അറിയിപ്പിൽ പറയുന്നു. യോഗങ്ങളിൽ സംഘർഷമുണ്ടാക്കിയാൽ മൂന്നു മാസം തടവോ 1000 രൂപ വരെ പിഴയോ ലഭിക്കാം. ഉച്ചഭാഷിണി ശബ്ദപരിധി ശബ്ദ മലിനീകരണ നിയമം 2000 പ്രകാരം പാലിക്കണം.
സർക്കാർ സ്ഥാപനങ്ങളിലെ ഹാളുകൾ ഉപയോഗിക്കുന്നുവെങ്കിൽ എല്ലാ പാർട്ടികൾക്കും തുല്യാവകാശം നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങൾ രാഷ്ട്രീയയോഗങ്ങൾക്ക് ഉപയോഗിക്കുന്നത് നിരോധിച്ചു.
ജാഥകൾ സംഘടിപ്പിക്കാൻ ആരംഭവും അവസാനവും റൂട്ടും മുൻകൂട്ടി നിശ്ചയിച്ച് പോലീസിനെ അറിയിക്കണം. ഗതാഗതകുരുക്ക് ഒഴിവാക്കാൻ ക്രമീകരണം നിർബന്ധമാണ്. ജാഥ ദൈർഘ്യമേറിയതാണെങ്കിൽ ചെറിയ വിഭാഗങ്ങളാക്കി നടത്തണം.
ഒരേ റൂട്ടിൽ രണ്ട് പാർട്ടികൾ ജാഥ നടത്തുന്നത് ഒഴിവാക്കാൻ പാർട്ടികൾ തമ്മിൽ ധാരണയിലെത്തണമെന്ന് നിർദേശമുണ്ട്. ജാഥയിൽ പ്രകോപനങ്ങൾക്ക് ഇടയാക്കുന്ന വസ്തുക്കൾ കൊണ്ടുപോകുന്നത് ഒഴിവാക്കണം. മറ്റ് രാഷ്ട്രീയ നേതാക്കളുടെയോ അംഗങ്ങളുടെയോ കോലം കൊണ്ടു നടക്കുകയോ കത്തിക്കുകയോ ചെയ്യുന്ന പ്രകടനങ്ങൾ പാടില്ലെന്നും കളക്ടർ മുന്നറിയിപ്പ് നൽകി.
















