ഡിഫന്‍ഡര്‍ ജേര്‍ണിയുടെ 2026 എഡിഷന്റെ റജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ജെഎല്‍ആര്‍ ഇന്ത്യ വ്യാഴാഴ്ച അറിയിച്ചു. ഇന്ത്യയിലെ തികച്ചും വ്യത്യസ്തമായ 23 കേന്ദ്രങ്ങളിലൂടെയാവും ഡിഫന്‍ഡര്‍ ജേര്‍ണി നടക്കുക. കച്ച്, ലഡാക്ക്, ഉംലിങ് ലാ പാസ്, സന്‍സ്‌കാര്‍ വാലി, സിലിഗുരി കോറിഡോര്‍, സ്പിതി വാലി എന്നിവിടങ്ങളൂടെയെല്ലാം 2026 ഡിഫന്‍ഡര്‍ ജേര്‍ണി നടക്കും.
അടുത്ത ജനുവരിയില്‍ നടക്കുന്ന നാലാമത് ഡിഫന്‍ഡര്‍ ജേര്‍ണിയില്‍ പങ്കെടുക്കുന്നവര്‍ക്ക് രാജ്യത്തെ വ്യത്യസ്ഥ ഭൂപ്രകൃതിയും കാലാവസ്ഥയുമുള്ള പ്രദേശങ്ങളിലൂടെ ഡിഫെന്‍ഡറില്‍ സഞ്ചരിച്ചറിയാനുള്ള അവസരമാണ് ലഭിക്കുക.ജോഡികള്‍ക്ക് 5.5 ലക്ഷം രൂപയാണ് ഈടാക്കുക. യാത്രയുടെ ഭാഗമായുള്ള വിമാനയാത്രകളും താമസവും ഭക്ഷണവും അടക്കമുള്ള ചിലവുകള്‍ ഇതില്‍ ഉള്‍പ്പെടും.
തികച്ചും വ്യത്യസ്തമായ ഡിഫന്‍ഡര്‍ യാത്രാനുഭവം സ്വന്തമാക്കാന്‍ ഡിഫന്‍ഡര്‍ ഉടമകളാവണമെന്നില്ല. ഡിഫന്‍ഡര്‍ ജേര്‍ണിയിലെ യാത്രക്കുവേണ്ട ഡിഫന്‍ഡറുകള്‍ സംഘാടകരാവും എത്തിക്കുക. ഡിഫന്‍ഡര്‍ 110 മോഡലുകളാണ് യാത്രയില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കുക. മലമ്പാതകളിലും മരുഭൂമികളിലും ഉള്‍നാടുകളിലുമെല്ലാം ഡിഫന്‍ഡര്‍ ജേര്‍ണി നടക്കും. യാത്രയുടെ സഞ്ചാരമാര്‍ഗവും ഓരോ ദിവസത്തേയും പദ്ധതികളും ആസൂത്രണം ചെയ്യുന്നതും വാഹനത്തിനു വേണ്ട പിന്തുണ നല്‍കുന്നതുമെല്ലാം പ്രത്യേകം പരിശീലനം ലഭിച്ച ജീവനക്കാരായിരിക്കും.
‘എവിടെയും പോകാവുന്ന ഏതു രീതിയിലും ഓടിക്കാവുന്ന വാഹനമെന്ന പെരുമയുള്ള വാഹനമാണ് ഡിഫന്‍ഡര്‍. സാഹസികപ്രേമികളായവര്‍ക്ക് മുന്നില്‍ ഡിഫന്‍ഡറിന്റെ മികവ് അവതരിപ്പിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനം മാത്രമാണുള്ളത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായതും വെല്ലുവിളിയായതുമായ പ്രദേശങ്ങളിലൂടെയാവും ഡിഫന്‍ഡര്‍ ജേര്‍ണി 2026ന്റെ യാത്ര’ ഡിഫന്‍ഡര്‍ മാനേജിങ് ഡയറക്ടര്‍ മാര്‍ക്ക് കാമറോണ്‍ പറഞ്ഞു.
ഇന്ത്യയില്‍ 90, 110, 130 ബോഡി സ്‌റ്റൈലുകളില്‍ ഡിഫന്‍ഡര്‍ ലഭ്യമാണ്. എന്നാല്‍ ഡിഫന്‍ഡര്‍ ജേര്‍ണിയില്‍ ഡിഫന്‍ഡര്‍ 110 മാത്രമായിരിക്കും ഉണ്ടാവുക. ഓള്‍വീല്‍ ഡ്രൈവ്, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, ഓഫ് റോഡ് ഡ്രൈവിങ് മോഡുകള്‍ എന്നിവയെല്ലാം പരീക്ഷിച്ചറിയാന്‍ ഡിഫന്‍ഡര്‍ ജേര്‍ണി 2026ല്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതികളില്‍ ഡിഫന്‍ഡറിന്റെ ഓഫ് റോഡിങ് മികവ് തെളിയിക്കുന്ന ദീര്‍ഘദൂര ടെസ്റ്റ് ഡ്രൈവായിരിക്കും ഡിഫന്‍ഡര്‍ ജേര്‍ണി 2026. ഇന്ത്യയില്‍ വിവിധ ഡിഫന്‍ഡര്‍ മോഡലുകള്‍ക്ക് 96 ലക്ഷം മുതല്‍ 2.60 കോടി രൂപ(എക്‌സ് ഷോറൂം) വരെയാണ് വില.
















