സൗദിയിലെ ബസ് അപകടത്തില്‍ മരിച്ച 45 ഇന്ത്യന്‍ തീര്‍ഥാടകരുടെയും മൃതദേഹങ്ങള്‍ പരിശുദ്ധ നഗരമായ മദീനയില്‍ തന്നെ സംസ്‌കരിച്ചു. മദീനയിലെ ഹറം പള്ളിയോട് ചേര്‍ന്നുള്ള ജന്നത്തുല്‍ ബഖീ ഖബര്‍സ്ഥാനിലാണ് മൃതദേഹങ്ങള്‍ ഖബറടക്കിയത്. ഇന്ന് ഉച്ചയ്ക്ക് നടന്ന ളുഹര്‍ നമസ്‌കാരത്തിന് ശേഷമായിരുന്നു ചടങ്ങ്. മരിച്ചവരുടെ നാട്ടില്‍ നിന്നെത്തിയ ബന്ധുക്കളും, ഇന്ത്യന്‍ എംബസി പ്രതിനിധികളും ഉള്‍പ്പെടെ നൂറുക്കണക്കിനാളുകള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
നവംബര്‍ 16-ന് രാത്രിയാണ് അപകടം നടന്നത്. ഹൈദരാബാദില്‍ നിന്നുള്ള തീര്‍ഥാടക സംഘം സഞ്ചരിച്ച ബസ്, മക്കയില്‍ നിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ചാണ് തീപിടിച്ച് അപകടമുണ്ടായത്. ബസില്‍ ഉണ്ടായിരുന്ന 46 പേരില്‍ 45 പേരും അപകടത്തില്‍ മരണപ്പെട്ടു. മൃതദേഹങ്ങള്‍ മദീനയിലെ കിംഗ് സല്‍മാന്‍, കിംഗ് ഫഹദ്, മീഖാത്തു എന്നീ ആശുപത്രികളിലായിരുന്നു സൂക്ഷിച്ചിരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെയും എംബസിയുടെയും സഹായത്തോടെ ഫോറന്‍സിക്, ഡി.എന്‍.എ പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് മൃതദേഹങ്ങള്‍ സംസ്‌കാരത്തിനായി വിട്ടുനല്‍കിയത്.
മരിച്ചവരുടെ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് മദീനയില്‍ എത്തിയിരുന്നു. ആന്ധ്രപ്രദേശ് ഗവര്‍ണര്‍ ജസ്റ്റിസ് അബ്ദുല്‍ നസീര്‍, തെലങ്കാന ന്യൂനപക്ഷ കാര്യ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്നിവരും മദീനയിലെത്തി. കൂടാതെ, നിരവധി ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും ഖബറടക്ക ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. അപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 24 വയസുള്ള മുഹമ്മദ് അബ്ദുള്‍ ശുഹൈബ് എന്ന യുവാവ് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
Story Highlights : Last rites of Madinah bus accident victims performed in Saudi Arabia
















