മുംബൈയിൽ ആക്രമിക്കാനെത്തിയ പുലിയോട് ധൈര്യപൂർവം പോരാടി 5–ാം ക്ലാസ് വിദ്യാർഥികളായ മായങ്ക് കുവാരയും കൂട്ടുകാരും. പാൽഘർ ജില്ലയിൽ കാടിനടുത്തുള്ള മാല പദ്‌വിപാഠയിൽ വെള്ളിയാഴ്ച വൈകിട്ട് കുട്ടികൾ സ്കൂളിൽ നിന്ന് വരുമ്പോഴായിരുന്നു സംഭവം.
കുട്ടികൾ സ്കൂളിൽ നിന്ന് വരുകയായിരുന്നു. പെട്ടന്നാണ് അവരുടെ മുമ്പിലേക്ക് പുലി ചാടി വീഴുന്നത്. പേടിച്ചു ഓടാതെ കുട്ടികൾ സ്കൂൾ ബാഗ് പരിചയാക്കിയും കല്ലെടുത്തെറിഞ്ഞു ശബ്ദമുണ്ടാക്കിയും പുലിയോട് ധീരമായി പൊരുതി നിന്നു കുട്ടികൾ. കുട്ടികളുടെ ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണു പുലിയെ ഓടിച്ചു കാട്ടിലേക്ക് അയച്ചത്.
പുലിയെ തടയുന്നതിനിടയിൽ മായങ്ക് കുവാരയുടെ കൈക്കു ചെറിയ പരുക്ക് പറ്റിയിട്ടുണ്ട്. ഈ ഭാഗത്തു വന്യജീവികൾ വരുന്നതും അവർ ആക്രമിക്കുന്നത് തടയാനും പ്രദേശത്ത് എഐ ക്യാമറ സ്ഥാപിക്കുന്നത് അടക്കമുള്ള മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നു വനം വകുപ്പ് ഉദ്യോഗസ്ഥൻ സ്വപ്നിൽ മോഹിതെ പറഞ്ഞു. ഈ സംഭവം മൂലം വൈകിട്ട് 4നു മുൻപ് സ്കൂളുകളുടെ പ്രവർത്തനം അവസാനിപ്പിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.
















