ഫ്യുവൽ ഗേജിലെ തകരാർ കാരണം ടൊയോട്ടയുടെ മിഡ്‌സൈസ് എസ്‌യുവി ഹൈറൈഡർ തിരിച്ചുവിളിച്ച് കമ്പനി. 2024 ഡിസംബർ ഒമ്പതിനും 2025 ഏപ്രിൽ 29-നും ഇടയിൽ പുറത്തിറക്കിയിട്ടുള്ള 1,529 യൂണിറ്റുകളാണ് നിർമാതാക്കൾ തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്യുവൽ ഗേജിൽ ഇന്ധനത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നതാണ് പ്രശ്നം.
ഇതേ പ്രശ്നം കാരണം മുമ്പ് മാരുതിയുടെ ഗ്രാന്റ് വിത്താരയും പരിശോധകൾക്കായി തിരികെവിളിച്ചിരുന്നു. ഗ്രാന്റ് വിത്താരയുമായി സാങ്കേതിക സംവിധാനങ്ങൾ ഹൈറൈഡർ പങ്കിടുന്നുണ്ട്. അതിനാലാണ് വാഹനവും പരിശോധനകൾക്കായി തിരികെ വിളിച്ചിരിക്കുന്നത്.
ഇന്ധനത്തിന്റെ അളവ് കൃത്യമായി ഫ്യുവൽ ഗേജിൽ രേഖപ്പെടുത്തിന്നില്ലെന്നതാണ് വാഹനത്തിന്റെ പ്രശ്നം. ഈ തകരാർ ഇന്ധനം കുറവാണെന്ന് അറിയിക്കുന്ന വാണിങ് ലൈറ്റുകളുടെ പ്രവർത്തനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഡീലർഷിപ്പുകളിൽ നിന്ന് ഈ കാലഘട്ടത്തിൽ നിർമിച്ചിട്ടുള്ള വാഹന ഉടമകളെ ബന്ധപ്പെടും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
കമ്പനിയുടെ വെബ്സൈറ്റിൽ കയറി നിങ്ങളുടെ വാഹനം തിരികെ വിളിച്ച യൂണിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനും സാധിക്കുന്നതാണ്. മുൻകരുതൽ നടപടിയായാണ് ഇപ്പോൾ വാഹനങ്ങൾ തിരികെ വിളിച്ചിരിക്കുന്നത് എന്നും ടൊയോട്ട അറിയിച്ചിട്ടുണ്ട്.
















