സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. കൂടാതെ, അടുത്ത 5 ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെലോ അലർട്ട് ആണ്. നാളെ തിരുവനന്തപുരത്തും കൊല്ലത്തും യെലോ അലർട്ട് തുടരും. 26ന് തിരുവനന്തപുരം ജില്ലയിൽ യെലോ അലർട്ട് ആയിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്കു സാധ്യതയുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള ്രപദേശങ്ങളിൽനിന്ന് ജനങ്ങൾ അധികൃതരുടെ നിർദേശപ്രകാരം മാറി താമസിക്കണം.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യതയുണ്ട്. വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കിഴക്കൻ കാറ്റ് വീണ്ടും സജീവമായതോടെ ഇടി മിന്നലൊടു കൂടിയ മഴയ്ക്കാണ് സാധ്യത. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള – ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
















