പൃഥ്വിരാജ് സുകുമാരൻ നായകനായെത്തിയ ‘വിലായത്ത് ബുദ്ധ’ എന്ന ചിത്രത്തിന് തിയേറ്ററുകളിൽ നിന്നും ഗംഭീര അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ പീക്ക് പെർഫോമൻസ് കാണാം. ഇപ്പോഴിതാ സിനിമയുടെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 3.2 കോടിയാണ് വിലായത്ത് ബുദ്ധ ഇതുവരെ നേടിയത്. ഇന്നലെ കൊണ്ട് മാത്രം 75 ലക്ഷത്തോളം ചിത്രം നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട്. വരും ദിവസങ്ങളിൽ ചിത്രത്തിന്റെ കളക്ഷൻ ഇനിയും കൂടാനാണ് സാധ്യത.
ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ഷമ്മി തിലകന്റെ വേഷത്തിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഒരു ത്രില്ലർ ചിത്രമാണ് സിനിമ എന്നാണ് ആരാധകർ പറയുന്നത്. ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം. ഉർവ്വശി തിയേറ്റേഴ്‌സിന്റെ ബാനറിൽ സന്ദീപ് സേനൻ നിർമ്മിച്ച് ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്നതാണ് ചിത്രം.
ജി ആർ ഇന്ദുഗോപൻറെ പ്രശസ്ത നോവലായ ‘വിലായത്ത് ബുദ്ധ’ അതേ പേരിൽ തന്നെയാണ് ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. 777 ചാര്‍ലി’യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളിലൊന്നായ ‘ബെല്‍ബോട്ടം’ ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.
















