ബോളിവുഡ് ഇതിഹാസ താരം ധർമ്മേന്ദ്രയെ അവസാനമായി ഒരുനോക്ക് കാണാൻ അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുകൂടിയായ നടൻ അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും എത്തി. മുംബൈയിലെ വിലെപാർലെ ശ്മശാനത്തിലാണ് താരങ്ങൾ എത്തിയത്. നടൻ ആമിർ ഖാനും അഗസ്ത്യ നന്ദയും അന്ത്യോപചാരം അർപ്പിച്ചു.
ദീർഘകാലമായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു ധർമേന്ദ്ര. മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഡിസംബർ 8ന് 90–ാം ജന്മദിനം ആഘോഷിക്കാനിരിക്കെയാണ് താരം വിടവാങ്ങിയത്. ധർമേന്ദ്ര അവസാനമായി അഭിനയിച്ച ‘ഇക്കിസ്’ എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്.
ബോളിവുഡിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് ധർമേന്ദ്ര. 1960ൽ ‘ദിൽ ഭി തേരാ, ഹം ഭി തേരാ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാ ജീവിതം ആരംഭിക്കുന്നത്. ‘ഷോലെ’, ‘ധരംവീർ’, ‘ചുപ്കേ ചുപ്കേ’, ‘ഡ്രീം ഗേൾ’ തുടങ്ങിയ ചിത്രങ്ങൾ അദ്ദേഹത്തെ പ്രശസ്തനാക്കി. നടി ഹേമമാലിനിയാണ് ധർമേന്ദ്രയുടെ ഭാര്യ. പ്രകാശ് കൗർ ആദ്യ ഭാര്യയാണ്. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ 6 മക്കളുണ്ട് താരത്തിന്.
















