കോഴിക്കോട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഹരിത നിയമങ്ങൾ ശക്തമായി നടപ്പാക്കുന്നതിനുള്ള പ്രത്യേക നടപടിയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് വൻ പരിശോധന നടത്തി. അതിന്റെ ഭാഗമായി 450 കിലോ നിരോധിത ഫ്ലക്സ് പിടിച്ചെടുക്കപ്പെട്ടു.
തദ്ദേശ സ്വയംഭരണ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ ടി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ പ്രിന്റിങ് മെറ്റിരിയൽ ഹോൾസെയിൽ ഗോഡൗണുകളിൽ നടത്തിയ പരിശോധനയിലാണ് ഫ്ലക്സ് പിടികൂടിയത്. ശുചിത്വ മിഷൻ ഉദ്യോഗസ്ഥരായ സി കെ സരിത്, ഒ ജ്യോതിഷ്, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഡി ആർ രജനി, വി കെ സുബറാം എന്നിവർ പങ്കെടുത്തു.
പരിശോധന വരും ദിവസങ്ങളിൽ തുടരും. ഫ്ലക്സ് സൂക്ഷിച്ച സ്ഥാപന ഉടമക്ക് നോട്ടീസ് നൽകുകയും പിഴ ചുമത്തുന്നതിനായി പിടിച്ചെടുത്ത വസ്തുക്കൾ കോർപറേഷന് കൈമാറുകയും ചെയ്തു.
















