പിതാവ് ശ്രീനിവാസ് മന്ധാനയ്ക്കു ഹൃദയാഘാതമുണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ വിവാഹ ചടങ്ങുകളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ സമൂഹ മാധ്യമങ്ങളിൽ നിന്നു നീക്കി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ധാന. ഞായറാഴ്ച വിവാഹച്ചടങ്ങിനിടെ സ്മൃതിയുടെ പിതാവിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ചടങ്ങ് മാറ്റിവെച്ചിരുന്നു. മഹാരാഷ്ട്രയിലെ സംഗ്ലിയിലെ സ്മൃതിയുടെ ഫാം ഹൗസിലെ വിവാഹ വേദിയിലേക്ക് ആംബുലന്‍സ് എത്തിച്ചാണ് ശ്രീനിവാസിനെ ആശുപത്രിയിലേക്കു മാറ്റിയത്.
പലാഷ് മുച്ഛൽ സ്മൃതിയെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ എത്തിച്ച് വിവാഹ അഭ്യർഥന നടത്തിയ വിഡിയോ താരം ഇൻസ്റ്റഗ്രാമിൽ നിന്നു നീക്കി. സ്മൃതിയുടെ സുഹൃത്തുക്കളും സഹ താരങ്ങളുമായ ജെമിമ റോഡ്രഗസ്, ശ്രേയങ്ക പാട്ടീൽ എന്നിവർ താരത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട റീലുകൾ പങ്കിട്ടിരുന്നു. വിവാഹം മാറ്റി വച്ചതോടെ ഈ റീലുകളും നീക്കിയിരുന്നു.
ഞായറാഴ്ച വൈകീട്ടാണ് സ്മൃതിയും സംഗീത സംവിധായകൻ പലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നത്. വെള്ളി, ശനി ദിവസങ്ങളിൽ ഹൽദി, സംഗീത് ആഘോഷങ്ങൾ നടന്നിരുന്നു. പിന്നാലെയാണ് വിവാഹം മാറ്റിവച്ചത്.
ഞായറാഴ്ച രാവിലെ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെയാണ് സ്മൃതിയുടെ പിതാവിനു ആരോഗ്യ പ്രശ്നങ്ങളുണ്ടായത്. ഉടൻ തന്നെ ആംബുലൻസ് എത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ താരത്തിന്റെ പിതാവിന്റെ തൃപ്തികരമാണെന്നു ആശുപത്രി അധികൃതർ വ്യക്തമാക്കി. സ്മൃതിയും ബന്ധുക്കളും ആശുപത്രിയിൽ തുടരുന്നുണ്ട്.
അതിനിടെ സ്മൃതിയുടെ വരൻ പലാഷ് മുച്ഛലിനു വിവാഹ വേദിയിൽ വച്ച് ഭക്ഷ്യവിഷബാധയുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം പലാഷ് സംഗ്ലിയിലെ ഹോട്ടലിൽ തുടരുകയാണ്. വിവാഹം എന്നാണു നടത്തുകയെന്ന കാര്യത്തിൽ നിലവിൽ വ്യക്തത വന്നിട്ടില്ല.
smriti-mandhana-removes-wedding-posts
















