വീട്ടമ്മ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് മരിച്ചു. ഇന്നു രാവിലെ 7ഓടെ പുതുക്കാട് സെന്ററിലായിരുന്നു അപകടം. പുതുക്കാട് കാഞ്ഞൂര്‍ പൊരന്തരപ്പിള്ളി വീട്ടില്‍ റോയ്‌സന്റെ ഭാര്യ സിന്ധു (48) ആണ് മരിച്ചത്. മകളെ ബസ് കയറ്റിവിട്ട ശേഷം സ്‌കൂട്ടറിനടുത്തേക്ക് നടന്നുപോകുന്നതിനിടെയാണ് സിന്ധുവിനെ ബസ് ഇടിച്ചത്. ചാലക്കുടിക്ക് പോയിരുന്ന പ്രിയദര്‍ശിനി ബസാണ് അപകടത്തില്‍പ്പെട്ടത്. പുതുക്കാട് സ്റ്റോപ്പില്‍ നിന്ന് മുന്നിലേക്കെടുക്കുന്നതിനിടെ ബസ് ഡ്രൈവര്‍ക്ക് തലക്കറക്കം അനുഭവപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് വഴിയോരത്ത് കൂടി നടന്നുപോകുകയായിരുന്ന സിന്ധുവിനെ ഇടിച്ചുതെറിപ്പിച്ച ശേഷം ദേശീയപാതയോരത്തുള്ള ചായക്കടയിലേക്ക് ഇടിച്ചുകയറി. റോഡില്‍ വീണ സിന്ധുവിന്റെ തലയിലൂടെ ബസിന്റെ പിന്‍ചക്രങ്ങള്‍ കയറിയിറങ്ങി. ബസ് പാഞ്ഞുവരുന്നത് കണ്ട് ചായക്കടയുടെ മുന്‍പില്‍ നിന്നിരുന്ന ആളുകള്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി. ഓടുന്നതിനിടെ വീണ് ഒരാള്‍ക്ക് പരിക്കേറ്റു.
ചായക്കടയുടെ കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ചാണ് ബസ് നിന്നത്. പരിക്കേറ്റ സിന്ധുവിനെയും ബസ് ഡ്രൈവറെയും നാട്ടുകാര്‍ പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സിന്ധു മരിച്ചു. രാജഗിരി ആശുപത്രിയില്‍ ജോലി ചെയ്യുന്ന മകള്‍ ആന്‍ മരിയയെ ബസ് കയറ്റിവിട്ട ശേഷം നടന്നുവരുന്നതിനിടെയാണ് സിന്ധു അപകടത്തില്‍ പെട്ടത്. കനത്ത മഴയെ തുടര്‍ന്ന് സി ജി റോഡിന് സമീപം സ്‌കൂട്ടര്‍ നിര്‍ത്തിയ ശേഷം മകള്‍ ധരിച്ചിരുന്ന മഴക്കോട്ട് തിരികെ വാങ്ങാനാണ് സിന്ധു ബസ് സ്റ്റോപ്പിലേക്ക് പോയത്.
















