ഡൽഹിയിൽ വർധിച്ചുവരുന്ന വായു മലിനീകരണം കണക്കിലെടുത്ത് സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ പ്രഖ്യാപിച്ചു. എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷൻ്റെ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ (ജി.ആർ.എ.പി.) ലെവൽ 3 യുടെ ഭാഗമായാണ് ഈ തീരുമാനം.
വായു ഗുണനിലവാരം ‘വളരെ മോശം’ എന്ന സാഹചര്യത്തിലേക്ക് താഴ്ന്നതിനാലാണ് നിയന്ത്രണം. പകുതി ജീവനക്കാരെ മാത്രം ഓഫീസുകളിൽ എത്തിച്ചുള്ള പ്രവർത്തന രീതിയിലേക്ക് മാറാനാണ് അധികൃതർ നിർദേശം നൽകിയിരിക്കുന്നത്.
നഗരത്തിലെ വായുവിൻ്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനും വേണ്ടിയാണ് ഈ അടിയന്തര നടപടി.
കുട്ടികളെ തുറസ്സായ സ്ഥലത്ത് കളിക്കാൻ അനുവദിക്കരുതെന്ന് അടക്കമുള്ള നിയന്ത്രണങ്ങൾ ഡൽഹി സർക്കാർ സ്കൂളുകൾ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വായുഗുണനിലവാര സൂചിക 201 നും 300 നും ഇടയിലാകുമ്പോഴാണ് ജിആർഎപി 1 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരിക.
301 നും 400 നും ഇടയിലാകുമ്പോൾ ജിആർഎപി 2 നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. 401 നും 450 നും ഇടയിലാകുമ്പോൾ ജിആർഎപി 3ഉം 451 കടക്കുമ്പോൾ ജിആർഎപി 4 നിയന്ത്രണങ്ങളും ഏർപ്പെടുത്തും.
















