ചെറുവത്തൂർ: ചെറുവത്തൂരിലെ റെയിൽവേ അടിപ്പാത ആവശ്യപ്പെട്ടുള്ള ജനകീയ സമിതിയുടെ റിലേ സമരം ഇന്ന് 13ാം ദിവസത്തിലേക്ക് കടന്നു. അടിപ്പാത സംബന്ധിച്ച വ്യക്തമായ തീരുമാനം ഇല്ലാത്ത സാഹചര്യത്തിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് ഇറക്കുന്നതുൾപ്പെടെയുള്ള പ്രവൃത്തികൾ സമരക്കാർ തടഞ്ഞു. രാവിലെ മുതൽ സമരം തുടരുന്നതിനിടെയാണ് കരാറുകാർ നിർമാണ നടപടികളുമായി സ്ഥലത്തെത്തിയത്. ആവശ്യങ്ങൾ പരിഗണിക്കാതെ പ്രവൃത്തിക്ക് തുടക്കം കുറിക്കാനുള്ള നീക്കത്തിനെതിരെ കർമസമിതി ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
കരാർ കമ്പനിയുടെ പരാതിയെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എന്നാൽ അതിനു പിന്നാലെ സമരം തുടരുമെന്ന ഉറച്ച നിലപാട് സമരക്കാർ വ്യക്തമാക്കി. അടിപ്പാത ഉറപ്പാകുന്നത് വരെ സമരം ശക്തിപ്രാപിക്കുമെന്നും കർമസമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.
മാർച്ച് 31നുള്ളിൽ നിർമാണം പൂർത്തിയാക്കേണ്ട ബാധ്യത കമ്പനിക്കുണ്ടെന്നും അതിനെതിരെ നാട്ടുകാർക്കൊന്നും എതിർപ്പ് ഇല്ലെന്നും കമ്പനിയുടെ ഭാഗത്ത് നിന്ന് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴത്തെ നിർദേശിച്ച സ്ഥലത്ത് അടിപ്പാത നിർമിക്കുന്നത് സാങ്കേതികമായും പ്രായോഗികമായും അസാധ്യമാണെന്ന് ജനകീയ സമിതി ചൂണ്ടിക്കാട്ടുന്നു. പ്രവൃത്തി തടസ്സപ്പെടുന്ന പക്ഷം നിർദ്ദേശിച്ച സമയത്ത് കരാർ അവസാനിപ്പിച്ച് നടപടികൾ തുടരാൻ കഴിയില്ലെന്നും അതുകൊണ്ടുതന്നെ ജില്ലാ ഭരണകൂടത്തിന്റെ ഇടപെടൽ ആവശ്യമായിരിക്കുമെന്ന് മേഘയുടെ ലെയ്‌സൺ ഓഫീസർ നിസാർ വ്യക്തമാക്കി.
ഏതായാലും, ആവശ്യങ്ങൾ പരിഗണിക്കാതെ നിർമാണ പ്രവൃത്തി മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന ചെറുവത്തൂർ ജനകീയ സമിതി, സമരത്തെ കൂടുതൽ ശക്തമാക്കാനാണ് ഒരുങ്ങുന്നത്. അടിപ്പാത ലഭിക്കുന്നതുവരെ പിന്‍മാറ്റമില്ലെന്നു സമരക്കാർ വ്യക്തമാക്കിയിരിക്കുകയാണ്.
















