സ്പെയിനിൽ ഫാസിസത്തിനെതിരായുള്ള പോരാട്ടം തെരുവിൽ അലയടിക്കുകയാണ്. ഇപ്പോഴിതാ അര്‍ധ നഗ്നരായി പ്രതിഷേധിച്ച യുവതികളുടെ മാറിടത്തില്‍ കയറിപ്പിടിച്ച് അതിക്രമം നടന്നതായി റിപ്പോർട്ടുകൾ പുറത്തു വരികയാണ്. ഫാസിസ്റ്റ് സ്വേച്ഛാധിപതികളില്‍ ഒരാളായ ഫ്രാൻസിസ്കോ ഫ്രാങ്കോയുടെ ചരമവാർഷിക ദിനത്തിലാണ് സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരം മാഡ്രിഡിലെ പള്ളിയിൽ ദിവ്യബലി നടന്നുകൊണ്ടിരിക്കെയാണ് പുറത്ത് ഈ അതിക്രമം അരങ്ങേറിയത്.
ഫാസിസത്തിനെതിരെ പോസ്റ്റര്‍ ഉയര്‍ത്തിപ്പിടിച്ചും മുദ്രാവാക്യം വിളിക്കുന്നതിനിടയിലായിരുന്നു ഒരു പുരുഷൻ സ്ത്രീകളിൽ ഒരാളുടെ മാറിടത്തില്‍ കൈവയ്ക്കുന്നത്. പിന്നാലെ യുവതി ഒഴിഞ്ഞുമാറുകയും ‘സർ, എന്നെ തൊടരുത്!’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. യുവതികളുടെ അനുയായികളില്‍ ഒരാള്‍ ഇടയ്ക്കുകയറി തടയാന്‍ ശ്രമിച്ചെങ്കിലും പ്രതി ആക്രമണം തുടര്‍ന്നു. പിന്നാലെ രണ്ടാമത്തെ സ്ത്രീക്ക് നേരെ തിരിഞ്ഞ അയാള്‍ ആ യുവതിയേയും കടന്നുപിടിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.
ആരാണ് ഫ്രാൻസിസ്കോ ഫ്രാങ്കോ?
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും കരുത്തരായ ഏകാധിപതികളിൽ ഒരാളായിരുന്നു ഫ്രാൻസിസ്കോ ഫ്രാങ്കോ. ജനങ്ങളോടോ പാർലമെന്റിനോടോ ഉത്തരം പറയാൻ താൻ ബാധ്യസ്ഥനല്ല, തന്റെ പ്രവൃത്തികൾ ദൈവത്തിന് മുന്നിൽ മാത്രമേ വിചാരണ ചെയ്യപ്പെടൂ എന്നുമായിരുന്നു ഫ്രാങ്കോ പറഞ്ഞിരുന്നത്. ജനാധിപത്യം അട്ടിമറിച്ച്, സൈനിക ബലത്തിലൂടെ അധികാരത്തിലെത്തിയ ഫ്രാങ്കോ 1939 മുതൽ 1975ൽ മരിക്കുന്നതു വരെ സ്പെയിനിന്റെ പരമാധികാരിയായിരുന്നു. നാത്‌സി ജർമനിയിൽനിന്ന് ഹിറ്റ്‌ലറുടെയും ഇറ്റലിയിൽനിന്ന് മുസോളിനിയുടെയും സഹായം ലഭിച്ച സ്പാനിഷ് ആഭ്യന്തരയുദ്ധത്തിലൂടെയാണ് ഫ്രാങ്കോ സ്പെയിന്‍ കീഴടക്കിയത്. യുദ്ധത്തിൽ ഏകദേശം 5 ലക്ഷത്തോളം ആളുകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.
ലൈംഗികത പാപമാണെന്ന് കരുതിയിരുന്ന ഫ്രാങ്കോ സ്പെയിനിൽ വിവാഹമോചനം, ഗർഭച്ഛിദ്രം, ഗർഭനിരോധന മാർഗങ്ങൾ എന്നിവ കർശനമായി നിരോധിച്ചിരുന്നു. സ്ത്രീകളുടെ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുകയും ചെയ്തു. കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധനുമായിരുന്നു അദ്ദേഹം. 1975 നവംബർ 20ന് 82-ാം വയസ്സിലാണ് ഫ്രാങ്കോയുടെ മരണം. ഇതോടെ ഫ്രാങ്കോ യുഗം സ്പെയിനില്‍ അവസാനിച്ചു. തുടര്‍ന്ന് യുവാൻ കാർലോസ് രാജാവ് അധികാരത്തിലേറി. അദ്ദേഹമാണ് പിന്നീട് സ്പെയിനിനെ ജനാധിപത്യത്തിലേക്ക് നയിച്ചത്.
















