കോഴിക്കോട്: കുറ്റ്യാടിയിലെ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടർകുളങ്ങര സ്വദേശിനിയായ ആനകുന്നുമ്മൽ ഷീബ (43) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം നടന്നത്.
വീട്ടിലെ അടുക്കളയുടെ പിറകുവശത്തുള്ള ജനൽ വാതിലിൽ തൂങ്ങിയ നിലയിലായിരുന്നു ഷീബയെ കണ്ടെത്തിയത്. അയൽവാസിയാണ് ആദ്യം സംഭവം മനസ്സിലാക്കി വിവരം അറിയിച്ചത്. മൃതദേഹം നിലത്ത് കുത്തിയ നിലയിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ഉടൻ തന്നെ യുവതിയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശേഷം ഷീബയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനായി മാറ്റി. പരിശോധനകൾ പൂർത്തിയായതോടെ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും ചെയ്തു. മരണത്തിന് പിന്നിലെ കാരണങ്ങൾ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ഷീബയുടെ ഭർത്താവ് ആയിനുകുന്നുമ്മൽ ശശിയാണ്. അശ്വതി, അക്ഷയ് എന്നിവരാണ് ദമ്പതികളുടെ മക്കൾ. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്ന സാഹചര്യത്തിൽ എല്ലാ സാധ്യതകളും പരിശോധിച്ചുകൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിക്കുന്നത്.
















