മലയാറ്റൂർ: കാലടി പ്ലാൻ്റേഷൻ കോർപറേഷൻ വനമേഖലയിൽ പരിക്കേറ്റ കാട്ടാനയെ ചൊവ്വാഴ്ച ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വാഴച്ചാൽ ഡിവിഷൻ അതിരപ്പള്ളി റേഞ്ച് പരിധിയിലായിരുന്നു സംഭവം.
സെപ്റ്റംബർ മാസത്തിലാണ് ഇടത് പിൻകാലിൽ ഗുരുതര പരിക്കോടെ ആനയെ കണ്ടെത്തിയത്. ഉടൻ മയക്കുവെടിവെച്ച് പിടികൂടി വിദഗ്‌ധ വെറ്ററിനറി സംഘത്തിന്റെ നേതൃത്വത്തിൽ ചികിത്സ നൽകുകയും ചെയ്തു. തുടർന്ന് രണ്ടാഴ്ച മുമ്പും പരിക്ക് ഭേദമാകാത്തതിനാൽ വീണ്ടും മയക്കുവെടിവച്ച് ചികിത്സ നൽകിയിരുന്നു.
ഏകദേശം 12 വയസ്സുള്ള കൊമ്പനാനായ ഈ കാട്ടാനയുടെ കാൽമുറിവിലൂടെയാണ് അണുബാധ ശക്തമായി പടർന്നത്. അതിന്റെ ഫലമായി കിടപ്പിലായതും ശരീരപ്രവർത്തനങ്ങൾ തകരാറിലായതുമാണ് മരണ കാരണമെന്നു പ്രാഥമിക നിഗമനം.
മലയാറ്റൂർ ഡി.എഫ്.ഒ പി. കാർത്തിക്, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ ഡോ. ബിനോയ് സി. ബാബു, അസി. വെറ്ററിനറിമാരായ ഡോ. മിനേഷ് ചാക്കോച്ചൻ, ഡോ. എഡിസൺ മാത്യു, റേഞ്ച് ഫോറസ്റ്റ് ഓഫിസർ ഇ.ബി. ലുധിഷ് എന്നിവർ നേതൃത്വം നൽകിയ സംഘമാണ് പോസ്റ്റ്‌മോർട്ടവും തുടർന്ന് സംസ്‌കരണവും നടത്തിയത്. ഉദ്യോഗസ്ഥരായ ഹരിപ്രസാദ്, സി.പി. അർജുൻ, അജിത്കുമാർ, ആർ. അധീഷ്, കെ. അനിൽകുമാർ, ജിജി മാർക്കോസ് എന്നിവർ നടപടികളിൽ പങ്കെടുത്തു.
വന്യജീവി ചികിത്സാ ഇടപെടലുകൾ വ്യാപകമാക്കിയിട്ടും ഈ കാട്ടാനയെ രക്ഷിക്കാനായില്ലെന്നത് വനംവകുപ്പിന് വലിയ നിരാശയാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രകൃതിയുമായി ബന്ധപ്പെട്ട ബാക്കി കേസുകളിൽ കൂടുതൽ കാര്യക്ഷമമായ സംരക്ഷണ നടപടികൾ ആവശ്യമാണ് എന്ന വസ്തുതയും ഈ സംഭവത്തോടെ വീണ്ടും മുന്നിൽ വരുന്നു.
















