തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾ എല്ലാ രാഷ്ട്രീയ പാർട്ടികളും ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ പത്തനംതിട്ട റാന്നി ഗ്രാമപഞ്ചായത്തിൽ ബിന്ദു അമ്മിണി മത്സരിക്കുന്നു എന്ന രീതിയിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട്. ശബരിമല പോരാട്ട നായിക എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു എന്നാണ് പോസ്റ്ററിലുള്ളത്.
“ശബരിമല പോരാട്ട നായിക
റാന്നി ഗ്രാമപഞ്ചായത്ത് വാർഡ് 20 LDF സ്ഥാനാർത്ഥി
സഖാവ് ബിന്ദു” എന്നെഴുതിയ പോസ്റ്റർ ഉൾപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
അന്വേഷണം
വൈറൽ പോസ്റ്ററിൽ അവകാശപ്പെടുന്നത് പോലെ ബിന്ദു അമ്മിണി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട് എങ്കിൽ അത് വാർത്തയാകേണ്ടതാണ്. എന്നാൽ ഇത്തരം റിപ്പോർട്ടുകളൊന്നും കണ്ടെത്താനായില്ല. പിന്നീട് ഞങ്ങൾ ബിന്ദു അമ്മിണിയുടെ സോഷ്യൽ മീഡിയ പേജുകൾ പരിശോധിച്ചു. തെരഞ്ഞെടുപ്പിൽ താൻ സ്ഥാനാർത്ഥിയാണെന്ന് അവകാശപ്പെടുന്ന പോസ്റ്ററുകൾ വ്യാജമാണെന്ന് വ്യക്തമാക്കി നവംബർ 21ന് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിപിഎം നൽകിയ പരാതി സംബന്ധിച്ച് പ്രസിദ്ധീകരിച്ച വാർത്തകൾ ലഭ്യമായി. ഏഷ്യാനെറ്റ് ന്യൂസ്, 24 ന്യൂസ്, ന്യൂസ് 18, കേരള കൌമുദി, മാതൃഭൂമി എന്നീ മാധ്യമങ്ങൾ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലഭ്യമായ വിവരങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിന്ദു അമ്മിണി മത്സരിക്കുന്നുവെന്ന രീതിയിൽ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വ്യക്തമായി.
















