എസ്എഫ്ഐ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അതിക്രൂരമായി വേട്ടയാടുകയാണെന്ന് സിപിഎം നേതാവ് വി.ശിവൻകുട്ടി. വിദ്യാർഥി വേട്ടയ്ക്ക് പൊലീസിനെ സർക്കാർ കയറൂരി വിട്ടിരിക്കുകയാണ്.
കോളജിലും ഹോസ്റ്റലിലും കടന്നുകയറി അക്രമം അഴിച്ചുവിട്ട യൂത്ത് കോൺഗ്രസുകാർ ഹോസ്റ്റലിലേക്ക് തീപ്പന്തമെറിഞ്ഞ് കലാപമുണ്ടാക്കാൻ ശ്രമിച്ചു. ഹോസ്റ്റലിലുണ്ടായിരുന്ന പിജി വിദ്യാർഥിയുടെ വാഹനം കത്തിച്ചു.
മന്ത്രി ഒ.ജെ.ജനീഷിന്റെ പൂർണ ഒത്താശയോടെയും നിർദേശപ്രകാരവുമാണ് ഹോസ്റ്റൽ തകർക്കാൻ പൊലീസും കോൺഗ്രസും ഒന്നിച്ചു പ്രവർത്തിച്ചത്. പൊലീസ് നടപടിയിൽ ഇരുപത്തിയഞ്ചോളം വിദ്യാർഥികൾക്കു പരുക്കേറ്റു.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള 5 വിദ്യാർഥികൾ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. രക്തംവാർന്നു കിടന്ന കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ പോലും പൊലീസ് സമ്മതിച്ചില്ല.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. മന്ത്രിമാരുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്നത് ആദ്യ സംഭവമൊന്നുമല്ല. താൻ മന്ത്രിയായിരിക്കെ ഒരു ഡസനിലധികം തവണയാണ് കെഎസ്‌യുവും എംഎസ്എഫും യൂത്ത് കോൺഗ്രസും യൂത്ത് ലീഗുമൊക്കെ കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തത്.
അന്നൊന്നും പ്രതിഷേധങ്ങളെ അടിച്ചമർത്താനോ പ്രതിഷേധിച്ചവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കാനോ പോയിട്ടില്ലെന്നും ശിവൻകുട്ടി പറഞ്ഞു.















