നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ അനധികൃതമായി കടത്തി കൊണ്ടുപോകാൻ ശ്രമിച്ച 50 ലക്ഷം രൂപയോളം വിലവരുന്ന വസ്തുക്കളാണ് കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന്റെ റെയ്ഡിൽ പിടികൂടിയത്. സ്വർണം, വിദേശ നിർമ്മിത സിഗരറ്റുകൾ, ഇ-സിഗരറ്റുകൾ എന്നിവ ഒളിപ്പിച്ച് കടത്താനുള്ള ശ്രമമാണ് ഉദ്യോഗസ്ഥർ ഇല്ലാതാക്കിയത്.
കംബോഡിയയിൽ നിന്ന് തായ് എയർ ഏഷ്യ വിമാനത്തിൽ എത്തിയ റഫീക്കിന്റെ കൈയിൽ നിന്നാണ് ആദ്യ പിടിച്ചെടുപ്പ്. വിദേശ നിർമ്മിത 35,000 സിഗരറ്റുകൾ — വില ഏകദേശം 8.75 ലക്ഷം രൂപ. ഇതേ വിമാനം വഴി എത്തിയ മലപ്പുറം സ്വദേശി സഫീറിന്റെയും ബാഗേജിൽ സമാനമായ സിഗരറ്റ് കള്ളക്കടത്ത് ശ്രമം കണ്ടെത്തി. ഇതിലും 8.75 ലക്ഷം രൂപ വില വരുന്ന സിഗരറ്റുകൾ പിടികൂടി.
അതേസമയം, ബാറ്റിക് എയർ വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് എത്തിയ തമിഴ്‌നാട് സ്വദേശി ജയയുടെ ചെരുപ്പിനുള്ളിലായിരുന്നു അടുത്ത വമ്പൻ കണ്ടെത്തൽ. ഒളിപ്പിച്ച നിലയിൽ സൂക്ഷിച്ചിരുന്ന 30.4 ലക്ഷം രൂപ വിലയുള്ള സ്വർണാഭരണങ്ങളാണ് കസ്റ്റംസ് സംഘം കണ്ടെത്തിയത്. യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ പരിശോധയിലാണ് സ്വർണം കണ്ടെത്തിയത്.
ഷാർജയിൽ നിന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എത്തിയ തൃശൂർ സ്വദേശിയുടെ ബാഗേജിൽ കണ്ടെത്തിയത് 46 ഇ-സിഗരറ്റുകളും അനുബന്ധ ഉപകരണങ്ങളും. ഇവയുടെ മൊത്തം വില ഏകദേശം 1.48 ലക്ഷം രൂപ വരുമെന്നാണു കണക്കുകൂട്ടൽ.
വിവിധ രാജ്യങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ തുടർച്ചയായി നിരീക്ഷിച്ച് നടത്തിയ സൂക്ഷ്മ പരിശോധനകളിലൂടെയാണ് കസ്റ്റംസ് സംഘം ഈ വമ്പൻ പിടി നടത്തിയത്. കള്ളക്കടത്ത് രീതികൾ കൂടുതൽ സങ്കീർണമാകുന്ന സാഹചര്യത്തിൽ സുരക്ഷയും പരിശോധയും കൂടുതൽ ശക്തമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
















