തിരുവനന്തപുരം: സസ്പെൻഷനിലായ ഐ.എ.എസ്. ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടിയുമായി ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക്. ജയതിലകിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിന് പിന്നാലെ പ്രശാന്തിന് എതിരെ എടുക്കുന്ന മൂന്നാമത്തെ അച്ചടക്ക നടപടിയാണിത്. ഡോ. ജയതിലക്, സര്‍ക്കാര്‍ മുന്‍പാകെ വ്യാജ സത്യവാങ്ങ്മൂലം നല്കിയതിനും സ്വത്ത് വിവരങ്ങള്‍ മറച്ച് വെച്ചതിനും എതിരെ വകുപ്പ് തല നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കി 9 ദിവസം പിന്നിട്ടിട്ടും നടപടിയൊന്നും ഇല്ലെന്ന് എന്‍.പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍, പരാതി നല്‍കിയ പ്രശാന്തിന് എതിരെ വീണ്ടും നടപടിയെടുക്കുകയാണ് ജയതിലക്. എന്‍.പ്രശാന്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുകയാണ്.
ഫേസ് ബുക്ക് പോസ്റ്റ്: 13-06-2025.
ഡോ.ജയതിലകിന്റെ അഭിപ്രായത്തിൽ സർക്കാരിനെ വേണ്ടത്ര പുകഴ്ത്തിയില്ല എന്നതാണ് ഇത്തവണത്തെ കുറ്റം. 8 വർഷം മുൻപ് IAS നിന്നും സർക്കാർ സർവീസിൽ നിന്നും വിരമിച്ച വന്ദ്യ വയോധികനായ ഡോ.KM അബ്രഹാമിനെപോലുള്ള പ്രതിഭാധനരായ വൃദ്ധജനങ്ങളെ ex-officio Secretary ആയി നിയമിക്കുന്ന നവീനമായ മോഡലിനെ പുകഴ്ത്തിയാണ് പോസ്റ്റ്. നല്ലത് മാത്രമേ പറഞ്ഞിട്ടുള്ളൂ. എന്നാൽ അത് വായിച്ചിട്ട് “പോരാ” എന്ന് കണ്ടെത്തിയിരിക്കുന്നു ഗയ്സ്! ‘കുറ്റകരമായ പെരുമാറ്റമായി’ (Misconduct) കണക്കാക്കപ്പെട്ട ഭാഗം ഇതാണ്:
“നിലവിലെ ‘ചട്ടങ്ങൾ മാത്രം നോക്കുന്ന’ ഉദ്യോഗസ്ഥർക്കു പകരം താൽക്കാലികമായി നിയമിക്കപ്പെടുന്ന ഈ എക്‌സ് ഓഫീഷ്യോ സെക്രട്ടറിമാർ തീർച്ചയായും ഒരു അമൂല്യമായ മുതൽക്കൂട്ട് ആയിരിക്കും. റിസ്‌ക് എടുക്കാനും നാടിന് നന്മ ചെയ്യാനും ഇവർക്കാവും, കാരണം ഇവർ അനാവശ്യമായി നിയമവും ചട്ടവും പറയുന്ന സർക്കാർ ഉദ്യോഗസ്ഥർ അല്ലല്ലോ. ഈ മോഡൽ പ്രാവർത്തികമായാൽ, ദിവസക്കൂലിക്ക് പോലും സർക്കാരിന് സെക്രട്ടറിയെ നിയമിക്കാവുന്നതാണ്.”
നല്ലത് പറയാനും പാടില്ലേ?
“അമൂല്യമായ മുതൽക്കൂട്ട് ആയിരിക്കും, റിസ്‌ക് എടുക്കാനും നാടിന് നന്മ ചെയ്യാനും ഇവർക്കാവും” – ഇതിൽ ഏത് ചട്ടമാണ് ലംഘിക്കപ്പെട്ടത് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഇതിൽ എവിടെയാണ്, ആരെയാണ് വിമർശിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നുമില്ല. എന്റെ പുകഴ്ത്തലിന് വേണ്ടത്ര ശക്തി പോരാത്തതാണോ എന്റെ പിഴ? വേണ്ടത്ര മണിയടി മുഴങ്ങിയില്ലേ? പുകഴ്ത്തി എഴുതിയാൽ മാത്രം പോരാ, അത് തിരുവാതിരയായി ചിട്ടപ്പെടുത്തണം എന്ന് നിർബന്ധമുണ്ടോ? റീൽസായി ഇറക്കണോ?
ഞാനിങ്ങനെ സംശയിച്ച് നിന്നപ്പോൾ മഹാ അമാത്യൻ ഭോഗേന്ദ്രന്റെ ശബ്ദത്തിൽ ഒരു അശരീരി മുഴങ്ങി- “ആരെന്ത് പറയണം എന്ന് രാജാവ് തീരുമാനിക്കുന്ന ആ സുവർണകാലം വന്നെത്തി. എങ്ങനെ പുകഴ്ത്തണം എന്നും പറഞ്ഞ് തരും. പുകഴ്ത്താനുള്ള അവകാശവും രാജാവിൽ നിന്ന് തന്നെ അനുവദിച്ച് ഉത്തരവാകണം. പുകഴ്ത്താൻ അനുവാദമില്ലാത്തവർ പുകഴ്ത്തിയാലും നടപടിയുണ്ടാവും. ജാഗ്രതൈ!”
















