കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിൽ ഹരിതചട്ടം കർശനമായി പാലിക്കുന്നതിന് സംസ്ഥാന ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശപ്രകാരം ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്കായി ദ്രുത പരിശീലന പരിപാടി സംഘടിപ്പിച്ചു. ഫീൽഡ് പരിശോധനയിൽ നിരോധിത പ്രചാരണ ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്നതിനും ഹരിതചട്ടം ശരിയായി നടപ്പിലാക്കുന്നതിനുമുള്ള പരിശീലനമാണ് നൽകിയത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിശീലന പരിപാടി തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ.ടി. രാകേഷ്, ഇൻറേണൽ വിജിലൻസ് ഓഫീസർ ടി. ഷാഹുൽ ഹമീദ് എന്നിവർ ഹരിതചട്ടത്തിന്റെ നടപ്പാക്കൽ നടപടികൾ വിശദീകരിച്ച് ക്ലാസുകൾ കൈകാര്യം ചെയ്തു.
പിവിസി ഫ്ലക്സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങ് ഉള്ള തുണി, പിവിസി അടങ്ങിയ മറ്റ് പ്രചാരണ സാമഗ്രികൾ എന്നിവ നിരോധിത ഉൽപ്പന്നങ്ങളായി പ്രത്യേകമായി പരിശീലനാർഥികൾക്ക് നേരിട്ട് പരിചയപ്പെടുത്തി. കൂടാതെ, പോളിഎത്തിലിൻ, 100 ശതമാനം കോട്ടൺ എന്നീ അനുമതിയുള്ള ഉൽപ്പന്നങ്ങൾ തിരിച്ചറിയുന്ന രീതിയും വിശദീകരിച്ചു.
പരിശീലനത്തിൽ ഇൻറേണൽ വിജിലൻസ് ഓഫീസർമാരായ എ.എൻ. അഭിലാഷ്, അനിൽകുമാർ നൊച്ചിയിൽ, ജില്ലാ എംപവർമെന്റ് ഓഫീസർ ഡോ. പി. പ്രിയ, ശുചിത്വ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഡെസ്‌നീ, സരിത്ത്, രാധാകൃഷ്ണൻ ഉൾപ്പെടെ നഗരസഭയിലെയും നഗരസ്വഭാവമുള്ള ഗ്രാമപഞ്ചായത്തുകളിലെയും ഉദ്യോഗസ്ഥർ പങ്കെടുത്തു.
പരിശീലനത്തിന് പിന്നാലെ ഉടൻ തന്നെ ഫീൽഡ് പരിശോധന ആരംഭിക്കുമെന്നും നിരോധിത ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർക്ക് പിഴ അടക്കമുള്ള ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ജോയിന്റ് ഡയറക്ടർ അറിയിച്ചു. കൂടാതെ, പ്രിന്റിങ് പ്രസ്സുകളിലും സംഭരണ കേന്ദ്രങ്ങളിലും പരിശോധന തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തോടെ ഹരിതചട്ടം മുഴുവൻ ജില്ലയിലും കർശനമായി പ്രാബല്യത്തിൽ കൊണ്ടുവരാനാണ് നിർദ്ദേശം.
















