പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതിയിൽ പോലീസ് ഉടൻ കേസെടുക്കും. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം കേസ് നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. തിരുവനന്തപുരം റൂറൽ എസ്.പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല.
അതിജീവിത ഇന്നലെ വൈകുന്നേരത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിയാണ് പരാതികളും തെളിവുകളും കൈമാറിയത്. പരാതി ലഭിച്ച ഉടൻ മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് എടുക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി തന്നെ രേഖപ്പെടുത്തിയിരുന്നു.
സ്ത്രീകളെ ശല്യം ചെയ്തതിന് നേരത്തെ ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തിരുന്നെങ്കിലും, അതിജീവിത നേരിട്ട് ലൈംഗിക പീഡന പരാതി നൽകിയ സാഹചര്യത്തിൽ ഇത് പ്രത്യേക കേസായി എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് പോലീസിൻ്റെ തീരുമാനം.
ഫോൺ സംഭാഷണങ്ങൾ, ചാറ്റുകൾ എന്നിവ അടക്കമുള്ള തെളിവുകളാണ് അതിജീവിത പരാതിക്കൊപ്പം നൽകിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഏതൊക്കെ വകുപ്പുകൾ ചുമത്തുമെന്നാണ് ഇനി അറിയാനുള്ളത്.
















