2025-ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) വിൽപ്പനയ്ക്ക് വെച്ചതായുള്ള വാർത്തകൾക്ക് പിന്നാലെ, രാജസ്ഥാൻ റോയൽസും (ആർആർ) ഉടമകൾ കൈമാറാൻ ഒരുങ്ങുന്നതായി അഭ്യൂഹങ്ങൾ ശക്തമാകുന്നു. നിലവിലെ ടീമുകളുടെ ഉയർന്ന ബ്രാൻഡ് മൂല്യം മുതലെടുക്കാൻ ഉടമകൾ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ.
ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സ് ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരനായ വ്യവസായി ഹർഷ ഗോയങ്കയുടെ ‘എക്‌സ്’ പോസ്റ്റാണ് ഈ ചർച്ചകൾക്ക് തീവ്രത നൽകിയത്. “ഒന്നല്ല, രണ്ട് ഐപിഎൽ ടീമുകൾ – ആർസിബിയും ആർആറും – ഇപ്പോൾ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന് ഞാൻ കേൾക്കുന്നു. ഇന്നത്തെ ഉയർന്ന ബ്രാൻഡ് മൂല്യം മുതലാക്കാൻ ആളുകൾ ആഗ്രഹിക്കുന്നു എന്ന് വ്യക്തമാണ്,” അദ്ദേഹം കുറിച്ചു. വിൽപ്പനയ്ക്ക് രണ്ട് ടീമുകളും, വാങ്ങാൻ സാധ്യതയുള്ള നാലോ അഞ്ചോ പേരുമുണ്ട്. പുണെ, അഹമ്മദാബാദ്, മുംബൈ, ബെംഗളൂരു, അതോ യുഎസ്എയിൽ നിന്നുള്ളവരായിരിക്കുമോ ഈ ടീമുകൾ സ്വന്തമാക്കുക എന്നും അദ്ദേഹം പോസ്റ്റിൽ ആരാഞ്ഞു.
ജയ്പൂർ ആസ്ഥാനമായുള്ള രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ 65% ഓഹരിയും റോയൽസ് സ്‌പോർട്‌സ് ഗ്രൂപ്പിൻ്റെ (എമർജിംഗ് മീഡിയ സ്‌പോർട്ടിംഗ് ഹോൾഡിംഗ്‌സ് ലിമിറ്റഡ്) ഉടമസ്ഥതയിലാണ്. ലാക്ലാൻ മർഡോക്ക്, റെഡ്‌ബേർഡ് ക്യാപിറ്റൽ പാർട്‌ണേഴ്‌സ് എന്നിവരാണ് മറ്റ് പ്രധാന ഓഹരി ഉടമകൾ. ടീം വിൽപ്പന സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
അതേസമയം, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ വിൽക്കാനുള്ള നടപടികൾ ആരംഭിച്ചതായി നവംബർ 5-ന് ഉടമകളായ ഡിയാജിയോ സ്ഥിരീകരിച്ചിരുന്നു. ബെംഗളൂരു ഫ്രാഞ്ചൈസിയെ വിൽപ്പനയ്ക്ക് വെച്ചിട്ടുണ്ടെന്ന് ആദ്യമായി സൂചന നൽകിയത് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒയായ അദാർ പൂനാവാലയുടെ ‘എക്‌സ്’ പോസ്റ്റിലൂടെയായിരുന്നു. വിൽപ്പനയുടെ നടപടിക്രമങ്ങൾ 2026 മാർച്ച് 31-നകം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ഈ രണ്ട് വമ്പൻ ടീമുകളുടെ ഭാവി ഉടമകളെക്കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.
















