മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ദൃശ്യം 3 തിയേറ്റർ റിലീസിന് മുമ്പ് തന്നെ ആഗോള തിയറ്റർ, ഓവർസീസ്, ഡിജിറ്റൽ, എയർബോൺ എന്നിവയുടെ അവകാശങ്ങൾ സ്വന്തമാക്കി പനോരമ സ്റ്റുഡിയോ. ഒരു മലയാള സിനിമക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ ബിസിനസ് ഡീൽ കൂടിയാണ് ഇത്. ഏകദേശം ഈ ഡീലിലൂടെ നിർമാതാവായ ആന്റണി പെരുമ്പാവൂരിന് ഒരു കോടിക്ക് മുകളിൽ ലാഭം ലഭിക്കുമെന്നാണ് റിപ്പോർട്ട്. തിയറ്ററുകളിലേക്കെത്തും മുമ്പേ തന്നെ ‘ദൃശ്യം 3’ അതിന്റെ മുതൽമുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു.
ബോളിവുഡ് നിര്‍മാണക്കമ്പനിയായ പനോരമ സ്റ്റുഡിയോസ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിച്ച രേഖകൾ ലീക്ക് ആയതോടെയാണ് ഈ വിവരം പ്രേക്ഷകരിലേക്കെത്തുന്നത്. സിനിമയുടെ റീമേക്ക് റൈറ്റ്സ് ഇതുവരെയും നൽകിയിട്ടില്ല. ദൃശ്യം 1 ,2 കേരളത്തിൽ അടക്കം ഒരുപാട് ഭാഷകളിൽ വമ്പൻ വിജയം ആയിരുന്നു.
ജിത്തു ജോസഫ് വ്യക്തമാക്കുന്നത് ദൃശ്യം 3 ആദ്യം മലയാളം ഭാഷയിൽ ആകും ഇറങ്ങുക എന്നാണ്. ‘ദൃശ്യ’ത്തിന്റെ ആദ്യരണ്ടുഭാഗങ്ങള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്തിറക്കിയ നിര്‍മാണക്കമ്പനിയാണ് പനോരമ സ്‌റ്റുഡിയോസ്. അതിനാൽ മലയാളം തിയേറ്ററിൽ ഇറങ്ങി രണ്ടുമാസത്തിന് ശേഷം മാത്രമാകും ഹിന്ദി പതിപ്പ് റിലീസ് ചെയ്യുക.
ഈ വർഷം ഒക്‌ടോബർ അവസാനത്തോടെയാണ് ദൃശ്യം 3ന്റെ ചിത്രീകരണം ആരംഭിച്ചത്. ഈ മാസം അവസാനത്തോടെ പാക്ക് അപ്പ് ഉണ്ടാകുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം തുടക്കത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ഈ സിനിമയിൽ മോഹൻലാൽ, മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
















