ഉമ്മുൽഖുവൈൻ: ഗതാഗത നിയമലംഘനങ്ങൾക്ക് ഏർപ്പെടുത്തിയ പിഴയിൽ 40 ശതമാനം വരെ ഇളവ് പ്രഖ്യാപിച്ച് ഉമ്മുൽഖുവൈൻ പൊലീസ്. 2025 ഡിസംബർ ഒന്നിന് മുമ്പ് രേഖപ്പെടുത്തിയ പിഴകളാണ് ഇളവിന് അർഹമാകുക എന്ന് അധികൃതർ വ്യക്തമാക്കി. ഡിസംബർ ഒന്നുമുതൽ 2026 ജനുവരി 9 വരെയുള്ള കാലയളവിലാണ് ഇളവോടെ പിഴ അടയ്ക്കാനുള്ള അവസരം ലഭിക്കുക. ഈ നിശ്ചിത സമയപരിധിക്കുള്ളിൽ പിഴ അടയ്ക്കുന്നവർക്ക് മാത്രമേ ഇളവിന്റെ ആനുകൂല്യം ലഭിക്കുകയുള്ളു.
എന്നാൽ ഗുരുതര വിഭാഗത്തിൽ പെടുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ആശ്വാസമൊന്നും ലഭിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ നിവാസികൾക്ക് ലഭിച്ച നിരവധി ആനുകൂല്യങ്ങളും പിഴ ഇളവും ഉപയോഗപ്പെടുത്തി ഗതാഗത ഫയലുകൾ കുറ്റമറ്റതാക്കണമെന്ന് പൊലീസ് അഭ്യർഥിച്ചു. നിയമങ്ങൾ പാലിക്കാനും സുരക്ഷിത യാത്ര ഉറപ്പാക്കാനും ഇതൊരു മികച്ച അവസരമായിരിക്കുമെന്ന് അധികൃതർ സൂചിപ്പിച്ചു.
















