തീർത്ഥാടകർ പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിച്ചു പോയി അവിടെ മലിനമാകുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങൾ പുറപ്പെടുവിച്ച് ഹൈക്കോടതി. പമ്പയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ആചാരത്തിന്റെ ഭാഗമല്ലെന്നും ഭക്തർക്കിടയിൽ ഇക്കാര്യത്തില്‍ വ്യാപക പ്രചാരണം നടത്തണമെന്നും ദേവസ്വം ബോർഡിന് ജസ്റ്റിസുമാരായ എ.വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
കുളിക്കാനിറങ്ങുന്നവർ വസ്ത്രങ്ങൾ പമ്പയിൽ ഉപേക്ഷിച്ചു പോകുന്നതുമൂലം പമ്പ മലിനമാകുന്ന സാഹചര്യത്തിൽ ആണ് നിർദ്ദേശം. ദിവസം ലോഡ് കണക്കിന് തുണികളാണ് പമ്പയിൽ നിന്ന് ശേഖരിക്കുന്നത്. കൂടുതലും വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തീർഥാടകരാണ്. ഇതൊരു ആചാരമായി ആണ് ഇവർ കരുതുന്നത്. അതിനാൽ ഇങ്ങനെ ഒരു ആചാരം ശബരിമലയിൽ നിലനിൽക്കുന്നില്ലെന്നും ഇതിനെ പറ്റി തീർത്ഥാടകർക്ക് മനസിലാക്കി നൽകണം എന്നുമാണ് കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചിരിക്കുന്നത്.
ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ നദിയിൽ അടിഞ്ഞു കൂടുകയാണെന്ന റിപ്പോർട്ടുകൾ നേരത്തേ പുറത്തുവന്നിരുന്നു. ഇതുമൂലം പമ്പയിലെ വെള്ളം മലിനമാകുകയും ചെയുന്നു. നദിയിൽ ഉപേക്ഷിക്കുന്ന വസ്ത്രങ്ങൾ ശേഖരിക്കാനുള്ള അവകാശം ദേവസ്വം ബോർഡ് വലിയ തുകയ്ക്ക് ലേലത്തിൽ കൊടുത്തിട്ടുണ്ടെങ്കിലും വെള്ളത്തിനു മുകളിലൂടെ ഒഴുകി വരുന്ന തുണി മാത്രമാണ് ഇവർ ശേഖരിക്കുന്നത് അടിത്തട്ടിൽ അടിയുന്ന തുണി ശേഖരിക്കാതെ അവിടെ തന്നെ ഇരിക്കുകയാണ്. കൂടാതെ സംഭരിക്കുന്ന തുണികൾ സ്നാനഘട്ടത്തിലെ പടിക്കെട്ടിൽ കൂട്ടിയിട്ടിരിക്കുന്നതു മൂലം ചെളിയും തുണിയുമടിഞ്ഞ് പടിക്കെട്ടുകൾ വൃത്തിഹീനമാവുകയും ചെയ്യുന്നുണ്ട്.
അതിനാൽ കോടതി ഇതിനെതിരെ ബോധവൽക്കരം നടത്താൻ തന്നെ തീരുമാനിച്ചിരിക്കുകയാണ്. ബോധവൽക്കരണ ദൃശ്യങ്ങൾ പമ്പാ തീരത്ത് പ്രദർശിപ്പിക്കണമെന്നും ഇതിനു പുറമെ പമ്പ മലിനമാക്കരുതെന്നും നദിയിൽ തുണി ഉപേക്ഷിക്കരുതെന്നുമുള്ള ശബ്ദ സന്ദേശങ്ങൾ കെഎസ്ആർടിസി ബസുകളിലൂടെ പ്രചരിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
















