ദുബായ്: യുഎഇയുടെ ദേശീയ ദിനാഘോഷമായ ഈദ് അൽ ഇത്തിഹാദ് ഈ വർഷം ദുബായിൽ അതിശയകരമായ രീതിയിൽ ആഘോഷിക്കാൻ ഒരുങ്ങുകയാണ്. ദുബായ് കെഎംസിസിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന മഹാത്സവം സെഞ്ച്വറി മാളിന് സമീപമുള്ള ശബാബ് അൽ അഹ്ലി ക്ലബ്ബിൽ ഡിസംബർ 2ന് ഉച്ചയ്ക്ക് 2 മുതൽ രാത്രി 11 വരെ നടക്കും. 1 മണിമുതൽ ഗേറ്റ് തുറക്കും.
15,000ൽ പരം പ്രവാസികൾ പങ്കെടുക്കുമെന്നാണ് സംഘാടകർ വിലയിരുത്തുന്നത്. പരിപാടിയെ ചരിത്ര സംഭവമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്ന ഘട്ടത്തിലാണ് കെഎംസിസി നേതൃത്വവും പ്രവർത്തകരും, കൂടാതെ പരിപാടി സംയോജിപ്പിക്കുന്ന മീഡിയ ഫാക്ടറി ഇവൻ്റ്സ് ആൻഡ് പ്രൊഡക്ഷൻ സംഘവും.
പ്രമുഖ അതിഥികളിൽ യുഎഇ സാമ്പത്തിക-ടൂറിസം മന്ത്രി അബ്‌ദുല്ല ബിൻ തൗഖ് അൽ മർറി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, എം. എ. യൂസുഫലി എന്നിവരും ഉൾപ്പെടുന്നു. കൂടാതെ ഗസ്റ്റ് ഓഫ് ഓണർ ആയി പ്രശസ്ത റാപ്പർ ഡബ്‌സിയും എത്തും.
മലബാർ ഗോൾഡ് സ്പോൺസർ ചെയ്യുന്ന കുട്ടികളുടെ കലാമത്സരങ്ങൾ, വിനോദപരിപാടികൾ, സ്ത്രീകൾക്കായുള്ള വിവിധ മത്സരങ്ങൾ, കെ.എംസിസി ഹാപ്പിനസ് ടീം പരേഡ്, ജില്ലാതല കലാപരിപാടികൾ, സിതാര-കണ്ണൂർ ശരീഫ് സംഘത്തിന്റെ സംഗീതവിരുന്ന് എന്നിവയും പരിപാടിയെ വർണ്ണമയമാക്കും.
പ്രവേശനം പൂർണ്ണമായും സൗജന്യം. കൂടാതെ മെട്രോ സ്റ്റേഷനുകളിൽ നിന്ന് വേദിയിലേക്ക് ഷട്ടിൽ സർവിസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ മീഡിയ ഫാക്ടറി സി.ഇ.ഒ ഷാ മുഹമ്മദ്, കോഡിനേറ്റർ സാബിർ അബ്‌ദുന്നാസർ, ദുബായ് കെഎംസിസി ഭാരവാഹികളായ അബ്ദുസ്സമദ്, കെ.പി.എ സലാം, അഹമ്മദ് ബിച്ചി എന്നിവർ പങ്കെടുത്തു.
















