ലഖ്‌നൗവിൽ വിവാഹസൽക്കാരത്തിനിടയിൽ വധുവരന്മാരെ ആശീര്‍വദിക്കാനായി ബിജെപി നേതാക്കളടക്കമുള്ള അതിഥികള്‍ കൂട്ടത്തോടെ കയറിയതിനെ തുടർന്ന് വിവാഹവേദി തകര്‍ന്നുവീണു. ഉത്തര്‍പ്രദേശിലെ ബല്ലിയയിലെ രാംലീല മൈതാനത്താണ് വിവാഹസത്കാരം നടന്നത്. സംഭവത്തിന്റെ വീഡിയോദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വൈറൽ ആയിരിക്കുകയാണ്.
ബിജെപി നേതാവ് അഭിഷേക് സിങ് എന്‍ജിനീയറുടെ സഹോദരന്റെ വിവാഹസത്കാരത്തിനിടെയായിരുന്നു അപകടം. വധൂവരന്മാരെ ആശീര്‍വദിക്കാനും ഫോട്ടോയെടുക്കാനുമായി ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര, മുന്‍ എംപി ഭരത് സിങ്, എംഎല്‍എ കേതഖി സിങ്ങിന്റെ പ്രതിനിധി വിശ്രാം സിങ്, ബിജെപി മുന്‍ ജില്ലാ സെക്രട്ടറി സുര്‍ജിത് സിങ് എന്നിവരടക്കം പത്തിലേറെ അതിഥികളാണ് കൂട്ടത്തോടെ സ്‌റ്റേജിലേക്ക് കയറിയത്.
ഇവരെല്ലാം സ്റ്റേജില്‍ കയറി വധൂവരന്മാരെ ആശീര്‍വദിച്ചശേഷം ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യുന്നതിനിടെയാണ് സ്‌റ്റേജ് തകര്‍ന്നത്. ഇതോടെ എല്ലാവരും നിലത്തുവീഴുകയായിരുന്നു. ആര്‍ക്കും സാരമായ പരിക്കില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്ലൈവുഡ് ഉപയോഗിച്ചാണ് താത്കാലിക സ്‌റ്റേജ് നിര്‍മിച്ചിരുന്നതെന്നും ഭാരം താങ്ങാനാകാതെയാണ് ഇത് തകര്‍ന്നതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് സഞ്ജയ് മിശ്ര മാധ്യമങ്ങളോട് പറഞ്ഞു.
കടപ്പാട്: News Malayalam 24×7
















