വടകര: ദേശീയപാത വികസനപ്രവർത്തനത്തിനിടെ മീത്തലെ മുക്കാളി പ്രദേശത്ത് ഉണ്ടായ മണ്ണിടിച്ചലിനെ തുടർന്ന് ഭീതിയിൽ കഴിയുന്ന മൂന്ന് കുടുംബങ്ങളെ അടിയന്തിരമായി മാറ്റിപ്പാർപ്പിക്കാൻ തീരുമാനം. കെ.കെ. രമ എംഎൽഎ കരാർ കമ്പനിയുടെ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്.
മണ്ണിടിച്ചൽ അപകടം ആവർത്തിക്കാനുള്ള ഭയം നിലനിൽക്കുന്നതിനാൽ ഒരു മാസംക്കുള്ളിൽ ഈ പ്രദേശത്തെ പണി പൂർത്തിയാക്കാനും, അതുവരെ പണി താൽക്കാലികമായി നിർത്തിവെക്കാനും തീരുമാനമായി. കുടുംബങ്ങളെ കമ്പനിയുടെ ചെലവിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കും. കൂടാതെ, ഈ പ്രദേശത്തെ ഗതാഗത സൗകര്യം ഉടൻ പുനഃസ്ഥാപിക്കാൻ നിർദ്ദേശം നൽകി.
ചർച്ചയിൽ കെ.കെ. രമ എംഎൽഎയ്‌ക്കൊപ്പം അദാനി ഗ്രൂപ്പിന്റെ ഡിജിഎം ശിവനാരായണൻ ചക്രവർത്തി, കെ. അൻവർ ഹാജി, ടി.സി. രാമചന്ദ്രൻ, യു.എ. റഹീം, പി. ബാബുരാജ്, ടി.കെ. സിബി, പി.പി. ഇസ്മായിൽ, എം.പി. ബാബു, ഹാരിസ് മുക്കാളി, കെ.പി. വിജയൻ, എം.വി. ജയപ്രകാശ്, കെ.പി. കോയ, പ്രദീപ് ചോമ്പാല എന്നിവർ പങ്കെടുത്തു. ജനങ്ങൾ നേരിടുന്ന ഭീതിക്ക് പരിഹാരം കാണാൻ ഭരണകൂടവും കമ്പനി പ്രതിനിധികളും കൈകോർത്ത് തീരുമാനമെടുത്തത് ആശ്വാസമായി മാറി.
















