ഇന്ത്യയുടെ അതിർത്തി പ്രതിരോധ തന്ത്രത്തിൽ ഗണ്യമായ പുരോഗതി കൈവരിക്കുന്നതിനായി, രാജ്യത്തെ ആദ്യത്തെ ആന്റി-ഡ്രോൺ പട്രോൾ വെഹിക്കിൾ (ADPV) ആയ ‘ഇന്ദ്രജാൽ റേഞ്ചർ’ പുറത്തിറക്കിയതായി ഇന്ദ്രജാൽ ഡ്രോൺ ഡിഫൻസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രീൻ റോബോട്ടിക്‌സിന്റെ ഡ്രോൺ ഡിഫൻസ് വിഭാഗമായ ഇന്ദ്രജാലയാണ് ഈ അത്യാധുനിക സംവിധാനം വികസിപ്പിച്ചത്. ഡി ഡി ന്യൂസ് മലയാളം പുറത്തുവിട്ട വീഡിയോ കാണാം.
പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കരുത്തിൽ പ്രവർത്തിക്കുന്ന ഈ വാഹനം, സഞ്ചരിച്ചുകൊണ്ടിരിക്കെ തന്നെ ശത്രു ഡ്രോണുകളെ കണ്ടെത്താനും നിർവീര്യമാക്കാനും ശേഷിയുള്ളതാണ്. നവംബർ 26-ന് നടന്ന ചടങ്ങിലാണ് കമ്പനി ഈ പുതിയ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. അതിർത്തി വഴിയുള്ള ആയുധക്കടത്തും മയക്കുമരുന്ന് കടത്തും തടയുന്നതിൽ ‘റേഞ്ചർ’ ഒരു ഗെയിം ചേഞ്ചർ ആകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാന സവിശേഷതകൾ:
സഞ്ചരിക്കുന്ന പ്രതിരോധ കവചം: നിലവിലുള്ള ഭൂരിഭാഗം ആന്റി-ഡ്രോൺ സംവിധാനങ്ങളും ഒരിടത്ത് ഉറപ്പിച്ചു നിർത്തുന്നവയാണ്. എന്നാൽ, അതിർത്തികളിലെ പട്രോളിങിനിടയിൽ വാഹനത്തിൽ ഘടിപ്പിച്ചുകൊണ്ടേ പ്രവർത്തിക്കാം എന്നതാണ് റേഞ്ചറിന്റെ ഏറ്റവും വലിയ പ്രത്യേകത. ശത്രു ഡ്രോണുകളെ കണ്ടെത്താൻ വാഹനം നിർത്തേണ്ട ആവശ്യമില്ല.
സ്കൈ-ഒഎസ് സാങ്കേതികവിദ്യ: ഇന്ദ്രജാലയുടെ സ്വന്തം ഓപ്പറേറ്റിങ് സിസ്റ്റമായ ‘സ്കൈ-ഒഎസ്’ ആണ് റേഞ്ചറിന്റെ തലച്ചോറ്. മനുഷ്യസഹായമില്ലാതെ തന്നെ ഡ്രോണുകളെ തിരിച്ചറിയാനും, ട്രാക്ക് ചെയ്യാനും, അവയെ നശിപ്പിക്കാനുള്ള തീരുമാനം എടുക്കാനും ഈ എഐ സംവിധാനത്തിന് കഴിയും.ഏകദേശം 4 കിലോമീറ്റർ ചുറ്റളവിലുള്ള ചെറുതും വലുതുമായ ഡ്രോണുകളെ കണ്ടെത്താം.
ആക്രമണ രീതികൾ: റേഡിയോ ഫ്രീക്വൻസി ജാമർ (RF Jamming), ജിപിഎസ് സ്പൂഫിങ് (GNSS Spoofing) എന്നിവ ഉപയോഗിച്ച് ഡ്രോണുകളുടെ നിയന്ത്രണം ഏറ്റെടുക്കാനോ അവയെ ദിശ തെറ്റിച്ചു വിടാനോ സാധിക്കും. കൂടാതെ, അത്യാവശ്യ ഘട്ടങ്ങളിൽ ഡ്രോണുകളെ വെടിവെച്ചിടാനുള്ള ‘കില്ല് സ്വിച്ച്’ (Kill Switch) സംവിധാനവും ഇതിലുണ്ട്.
എന്തുകൊണ്ട് ‘റേഞ്ചർ’ അനിവാര്യം?
സമീപകാലത്തായി ഇന്ത്യയുടെ പടിഞ്ഞാറൻ അതിർത്തികളിൽ ഡ്രോണുകൾ വഴിയുള്ള വെല്ലുവിളികൾ വർധിച്ചിരുന്നു. മയക്കുമരുന്നും ആയുധങ്ങളും കടത്താൻ പാക് ഭീകരർ ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. സ്റ്റാറ്റിക് റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്ത ചെറിയ ഡ്രോണുകൾ (Micro Drones) പലപ്പോഴും സുരക്ഷാ ഭീഷണിയാകാറുണ്ട്. ഈ വിടവ് നികത്താനാണ് ഇന്ദ്രജാല റേഞ്ചർ ലക്ഷ്യമിടുന്നത്.
വിഐപി സുരക്ഷ: സൈനിക വ്യൂഹങ്ങൾ (Convoys) സഞ്ചരിക്കുമ്പോൾ അവയ്ക്ക് മുകളിൽ ഒരു സുരക്ഷാ കവചം തീർക്കാൻ റേഞ്ചറിന് സാധിക്കും പ്രധാനപ്പെട്ട വ്യക്തികളുടെ യാത്രകളിലും പൊതുപരിപാടികളിലും സഞ്ചരിക്കുന്ന സുരക്ഷാ കവചമായി ഇത് പ്രവർത്തിക്കും.
പരമ്പരാഗത യുദ്ധരീതികളിൽ നിന്ന് ഡ്രോൺ അധിഷ്ഠിത യുദ്ധമുറകളിലേക്ക് ലോകം മാറുന്ന സാഹചര്യത്തിൽ, ഇന്ത്യയുടെ പ്രതിരോധ മേഖലയിലെ സുപ്രധാന ചുവടുവെപ്പാണ് ഇന്ദ്രജാല റേഞ്ചർ.
















