ശ്രീലങ്കയിൽ നാശം വിതച്ച് ഡിറ്റ് വാ ചുഴലിക്കാറ്റ്. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 100 കടന്നതായി റിപ്പോർട്ട്. ശ്രീലങ്കയുടെ മധ്യ, കിഴക്കൻ മേഖലകളിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. ശ്രീലങ്കയിലെ 20 ജില്ലകളിലെ രണ്ടു ലക്ഷത്തോളം പേരെ മഴക്കെടുതി ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ബദുള്ള, നുവാര ഏലിയ മേഖലകളിലായി മുപ്പതോളം പേരെ കാണാതായിട്ടുണ്ട്. മൂവായിരത്തിലധികം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായും റെയിൽവേ- റോഡ് ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. അമ്പതിനായിരത്തോളം പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്.
ശ്രീലങ്കയുടെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാൻ ഇന്ത്യ ‘ഓപ്പറേഷൻ സാഗർ ബന്ധു’ ആരംഭിച്ചു. ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തും ഫ്രണ്ട്‌ലൈൻ കപ്പലായ ഐഎൻഎസ് ഉദൈഗിരിയും എത്തിച്ച ദുരിതാശ്വാസ സാമഗ്രികളുടെ ആദ്യ ബാച്ച് എത്തിച്ചു.
അതേസമയം, ബംഗാൾ ഉൾക്കടലിൽ ‘ഡിറ്റ്‌വാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളിൽ കാറ്റിന്റെ വേഗം കൂടി. ചുഴലിക്കാറ്റ് രൂപം കൊണ്ടതിനാൽ തമിഴ്‌നാടിന്റെ തീരദേശ ജില്ലകളിലും പുതുച്ചേരിയിലും ചുവപ്പു ജാഗ്രത പ്രഖ്യാപിച്ചു. ഇന്ന് കടലൂർ, മൈലാടുതുറൈ, വിഴുപുരം, ചെങ്കൽപ്പെട്ട് ജില്ലകളിലും പുതുച്ചേരിയിലും 20 സെന്റീമീറ്ററിൽ കൂടുതൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കേരളത്തെ സാരമായി ബാധിക്കില്ലെങ്കിലും,ഇന്ന് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലവസ്ഥ വകുപ്പ് അറിയിച്ചു.
















