കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിലെ സി ബ്ലോക്കിന്റെ മുകളിലെ ഭാഗത്ത് തീപിടിത്തം. രോഗികൾ ചികിത്സയെടുക്കുന്ന വാർഡുകളിൽ നിന്നും അകലെ ആയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
അഗ്നിബാധ എസി പ്ലാന്റിനടുത്താണ് ഉണ്ടായത്. ഫയർഫോഴ്‌സ് യൂണിറ്റുകൾ വേഗത്തിൽ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചു. ടെറസ് ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ തീപിടുത്തം അറിയുന്നത്.
ഈ ഭാഗത്ത് രോഗികൾ സാധാരണ എത്താറില്ലെന്നും ആശുപത്രിയുടെ മറ്റെല്ലാ സേവനങ്ങളും സാധാരണ നിലയിൽ തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിന്റെ കാരണം സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചു.
















