ശ്രീലങ്കൻ തീരത്തിന് സമീപത്ത് തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ദിത്വ ചുഴലിക്കാറ്റ് രണ്ടുദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ചുഴലിക്കാറ്റ് വരുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു ദിവസത്തേക്ക് കേരളത്തിൽ നേരിയതോ ഇടത്തരമോ മഴയ്ക്ക് സാധ്യത.
ദിത്വ ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയതോടെ ചെന്നൈ അടക്കം വടക്കുള്ള ജില്ലകളിൽ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത ഉണ്ടന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ചുഴലി ചെന്നൈയ്ക്കും പുതുച്ചേരിക്കും ഇടയിലോ തെക്കൻ ആന്ധ്രയിലോ കര തൊടുമെന്നാണു പ്രതീക്ഷിക്കുന്നത്.
ചുഴലിക്കാറ്റിന്റെ ഭയം നിലനിൽക്കുന്നതിനാൽ പാമ്പൻ പാലം വഴിയുള്ള ട്രെയിൻ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ദിത്വ ചുഴലിക്കാറ്റ് ചെന്നൈക്കു സമീപം കരതൊട്ടാൽ നഗരത്തെ കാത്തിരിക്കുന്നത് കനത്ത മഴയായിരിക്കുമെന്നും ജനങ്ങൾ ജാഗരൂകരായി ഇരിക്കണം എന്നുമാണ് മുന്നറിയിപ്പ്. ഇന്ന് രാത്രിയോടെ മഴ തീവ്രമാകുമെന്നും മഴ നാളെയും തുടരുമെന്നുമാണ് പ്രതീക്ഷ. ഇന്നു പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
















