രാഹുലുമായി തനിക്കുള്ള വ്യക്തിപരമായ അടുപ്പം പാർട്ടിയുടെ തീരുമാനങ്ങളെ ഒരു തരത്തിലും സ്വാധീനിക്കില്ലെന്നും, കേസ് നിയമപരമായി മുന്നോട്ടുപോകട്ടെയെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ പറഞ്ഞു. രാഹുൽ വിഷയത്തിൽ കോൺഗ്രസ് പാർട്ടി എടുത്ത നിലപാടിൽ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.
മറ്റു രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചതിനേക്കാൾ നന്നായി കോൺഗ്രസ് ഈ വിഷയത്തില്‍ നടപടിയെടുത്തിട്ടുണ്ട്. കോൺഗ്രസ് പാർട്ടി എടുത്ത തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകുന്നില്ലെന്ന് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. നിയമപരമായ കാര്യത്തിൽ തടസ്സം നിൽക്കാൻ രാഹുലുമായി വ്യക്തിബന്ധമുള്ളവരോ ഇല്ലാത്തവരോ ആയ ഒരു കോൺഗ്രസ് നേതാവും ശ്രമിക്കുന്നില്ല. ഇനി നിയമപരമായി ആ കാര്യങ്ങൾ മുന്നോട്ട് പോകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുലിനെതിരായ ആക്ഷേപങ്ങളുടെ ഘട്ടത്തിൽ പാർട്ടി എടുത്ത സസ്പെൻഷൻ നടപടി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ആ നടപടി പാർട്ടി പിൻവലിച്ചിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ എന്ന നിലയിൽ പാലക്കാട്ടെ പൊതുപരിപാടികളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും, കോൺഗ്രസിന്റെ സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണത്തിന് പോകാൻ പാർട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാഫി പറമ്പിൽ വ്യക്തമാക്കി.
















