പദവി ലഭിക്കാത്തതിൻ്റെ പേരിൽ ഒരാൾ മനസ്സിൽ കൊണ്ടുനടന്ന അസൂയ, 26 വയസ്സുകാരനായ ശേഖറിൻ്റെയും റീമയുടെയും പുതിയ ജീവിതസ്വപ്നങ്ങൾ തകർത്തെറിഞ്ഞു. തങ്ങൾക്ക് ഒരു ബന്ധവുമില്ലാത്ത ഒരു കാര്യത്തിന്, മറ്റൊരാളുടെ അധികാര വാശിയുടെ ഭാരം പേറേണ്ടി വന്ന രണ്ട് നിസ്സഹായരായ മനുഷ്യർ. പുതിയൊരധ്യായം സ്വപ്നം കണ്ട് വിവാഹിതരായ അവർ, ആ സ്വപ്നം ജീവിതം തകരുന്നതിൻ്റെ തുടക്കമാണെന്ന് അറിഞ്ഞില്ല. അധികാരത്തോടുള്ള അഹങ്കാരവും പ്രതികാരവാഞ്ചയും മനുഷ്യനെ എത്രമാത്രം ക്രൂരനാക്കുമെന്നതിൻ്റെ ഞെട്ടിക്കുന്ന തെളിവാണ് ഈ ദാരുണ കഥ.
ഒഡീഷയിലെ പാട്ണഗറിൽ താമസിക്കുന്ന, ഉന്നത വിദ്യാഭ്യാസം ലഭിച്ച ഒരു കുടുംബം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന 26 വയസ്സുകാരൻ ശേഖറിൻ്റെ സന്തുഷ്ടമായ കുടുംബമായിരുന്നു അത്. ശേഖറിൻ്റെ വീട്ടിൽ അച്ഛൻ കോളേജ് പ്രൊഫസറും അമ്മ പ്രിൻസിപ്പലുമായിരുന്നു. ഇവരെ കൂടാതെ ഒരു മുത്തശ്ശിയും വീട്ടിലുണ്ടായിരുന്നു. സന്തോഷം തളംകെട്ടിനിന്ന ആ വീട്ടിലേക്ക്, ശേഖറിൻ്റെ വിവാഹത്തോടെ റീമ എന്ന പുതിയ ഒരതിഥി കൂടി എത്തി. ഒരുപാട് സ്വപ്നങ്ങളുമായി 2018 ഫെബ്രുവരി 18-ന് ശേഖറും റീമയും വിവാഹിതരായി.
ജോലിയുടെ തിരക്കുകൾ കാരണം ശേഖറിൻ്റെ അച്ഛനും അമ്മയും അവരുടെ ജോലിസ്ഥലങ്ങളിലേക്ക് തിരികെ പോയി. പിന്നീട് ആ വീട്ടിൽ ശേഖറും റീമയും മുത്തശ്ശിയും മാത്രമായി. അങ്ങനെയിരിക്കെയാണ് റായ്പൂരിൽ നിന്ന് ‘എസ്.കെ. സിൻഹ’ എന്ന പേരിൽ ഒരു സമ്മാനപ്പൊതി അവരുടെ വീട്ടിലേക്ക് എത്തുന്നത്. എന്നാൽ, ആ സമ്മാനപ്പൊതിയിൽ ഒളിപ്പിച്ച ചതിയെക്കുറിച്ച് അവർ തീർത്തും അജ്ഞരായിരുന്നു.
വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ, ഫെബ്രുവരി 23-ന് ഉച്ചയ്ക്ക് 12:45 ഓടെ ഒരു കൊറിയർ പാഴ്സൽ എത്തി. റായ്പൂരിൽ നിന്ന് ‘എസ്.കെ. സിൻഹ’ എന്ന പേരിലെത്തിയ സമ്മാനപ്പൊതി.ആ പേര് ആരുടേതാണെന്ന് ശേഖറിന് അറിയില്ലെകിലും കല്യാണത്തിന് വരാത്ത ആരെക്കിലും തങ്ങൾക്ക് അയച്ച സമ്മാനം ആകുമെന്ന് കരുതി അത് തുറന്നു നോക്കാനായി അവർ തീരുമാനിച്ചു.സമ്മാനപ്പൊതി അഴിക്കാനായി മുത്തശ്ശിയും കൂടെ കൂടി. പ്രതീക്ഷയോടെ ശേഖർ ആ സമ്മാനം തുറന്നപ്പോൾ, അത് ആ വീട്ടിൽ രണ്ടുപേരുടെ ജീവൻ കവർന്നെടുക്കുന്ന ഭീകരമായ മരണത്തിൻ്റെ വെടിക്കോപ്പായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല.
ആകാംക്ഷയോടെ പാഴ്സൽ തുറന്ന ശേഖർ, അകത്തെ പച്ച പെട്ടിയും അതിൽ തൂങ്ങിക്കിടന്ന വെള്ള നൂലും കണ്ട് അതൊരു സർപ്രൈസ് സമ്മാനമാണെന്ന് കരുതി ശക്തമായി വലിച്ചു. അടുത്ത നിമിഷം, ചെവി തകർക്കുന്ന ഒരു ഉഗ്ര സ്ഫോടനത്തിൻ്റെ ശബ്ദം ആ പ്രദേശമാകെ മുഴങ്ങി. അയൽക്കാർ ഓടിയെത്തിയപ്പോൾ കണ്ടത് വീട് പൂർണമായും തകർന്ന് കിടക്കുന്ന കാഴ്ചയാണ്. 90 ശതമാനത്തിലധികം പൊള്ളലേറ്റ ശേഖറും അദ്ദേഹത്തിൻ്റെ മുത്തശ്ശിയും നിലത്ത് പിടയുന്നുണ്ടായിരുന്നു.
60% പൊള്ളലേറ്റ നവവധു റീമയുടെ നിലവിളിയും അവിടെങ്ങും മുഴങ്ങി. അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്നതിനാലാണ് റീമയ്ക്ക് താരതമ്യേന കുറഞ്ഞ പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായ പൊള്ളൽ കാരണം മുത്തശ്ശി ഉടൻ മരണപ്പെട്ടു. മെച്ചപ്പെട്ട ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയ ശേഖറും ഒരു ദിവസത്തിനുശേഷം മരണത്തിന് കീഴടങ്ങി.
സംഭവം ഗ്യാസ് പൊട്ടിത്തെറിയാണെന്ന് ആദ്യം സംശയിച്ചെങ്കിലും പോലീസ് നടത്തിയ പരിശോധനയിൽ അത് ബോംബ് സ്ഫോടനമാണെന്ന് തെളിഞ്ഞു. സ്ഫോടന സ്ഥലത്തുനിന്ന് ഗൺപൗഡറിൻ്റെ മണം തിരിച്ചറിഞ്ഞതോടെ കൊലപാതക ശ്രമമെന്ന് ഉറപ്പിച്ചു. വിവരങ്ങൾ അറിയാമായിരുന്ന മൂന്നുപേരിൽ രണ്ടുപേർ മരിച്ചതോടെ അന്വേഷണം വഴിമുട്ടി. ജീവനോടെയുണ്ടായിരുന്ന റീമ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിലെത്താൻ പോലീസ് ഒരാഴ്ചയോളം കാത്തിരുന്നു.അവസാനം ആഴ്ചകൾക്ക് ഒടുവിൽ റീമ എന്താണ് അവിടെ സംഭവിച്ചതെന്ന് പോലീസിനോട് പറഞു.
എസ്.കെ. സിൻഹ എന്ന പേരിൽ ഒരു കോറിർ വന്നിരുന്നു എന്നും അത് തുറന്നപ്പോഴാണ് ഈ അപകടം സംഭവിച്ചത് എന്നും പോലീസിനോടായി പറഞു. എന്നാൽ അയച്ച ആളുടെ നൽകിയ വിലാസവും പേരും തെറ്റായിരുന്നു. ഈ ഘട്ടത്തിൽ മാധ്യമങ്ങളോട് വിവരങ്ങൾ പറയുമ്പോൾ പോലീസ് ഉദ്യോഗസ്ഥർ ഒരു ബുദ്ധി ഉപയോഗിച്ചു, അയച്ചയാളുടെ പേര് എസ്.കെ. സിൻഹ എന്നതിന് പകരം ‘ആർ.കെ. ശർമ’ എന്ന് നൽകി. ഇത് പിന്നീട് നിർണായകമായ വഴിത്തിരിവാക്കുകയായിരുന്നു.
ശേഖറിൻ്റെ അമ്മയോട് പോലീസ് തങ്ങളുടെ ശത്രുക്കളെക്കുറിച്ച് ചോദിച്ചു. താൻ ജോലി ചെയ്യുന്ന അതേ കോളേജിലെ പ്രൊഫസറായ പുഞ്ചിലാലിന് തന്നോട് ചെറിയ ദേഷ്യമുണ്ടായിരുന്നതായി അവർ അറിയിച്ചു. ഈ സൂചനയിൽ പുഞ്ചിലാലിനെ ചോദ്യം ചെയ്തെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. അവർ ആദ്യഘട്ടം മുതൽ അന്വേഷണം ആരംഭിച്ചു. ഇതിനിടയിൽ, 2018 ഏപ്രിൽ നാലിന് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഒരു ഭീഷണി കത്ത് ലഭിച്ചു. “പാഴ്സൽ അയച്ചത് എസ്.കെ. സിൻഹ എന്ന പേരിലാണ്, നിങ്ങൾ പറഞ്ഞിരിക്കുന്നത് ആർ.കെ. ശർമ എന്നാണ്. നിങ്ങൾക്കാണ് തെറ്റുപറ്റിയത്. ഈ കേസുമായി ബന്ധപ്പെട്ട മൂന്നാളുകളാണ് യഥാർത്ഥത്തിൽ പ്രവർത്തിച്ചിരിക്കുന്നത്. ഞങ്ങൾക്ക് തോന്നിയ ദേഷ്യത്തിൽ ആ കുടുംബത്തെ മുഴുവൻ ചാമ്പലാക്കി കളയേണ്ടതാണ്” എന്നും കത്തിൽ എഴുതിയിരുന്നു.
കത്ത് വായിച്ച ക്രൈംബ്രാഞ്ച് മേധാവി അരുൺ ഗോത്രയ്ക്ക് ഒരു കാര്യം ഉറപ്പായി – ഈ കത്തയച്ചയാൾ തന്നെയാണ് ബോംബ് പാഴ്സലും അയച്ചത്. കാരണം, പോലീസിന് തെറ്റുപറ്റിയ ‘ആർ.കെ. ശർമ – എസ്.കെ. സിൻഹ’ എന്ന പേരുകളിലെ വ്യത്യാസം പോലീസുകാർക്കല്ലാതെ ആർക്കും തന്നെ അറിയുകയില്ല. ശേഖറിൻ്റെ അമ്മയെ പോലീസുകാർക്ക് വന്ന കത്ത് വായിക്കാൻ നൽകിയപ്പോൾ, അതിലെ എഴുത്തുശൈലിയും ‘അണ്ടർടേക്കിംഗ് പ്രോജക്ട്’ പോലുള്ള ചില വാക്കുകളുടെ പ്രയോഗവും തങ്ങൾ സംശയിച്ച പുഞ്ചിലാൽ മെഹറിൻ്റേതാണെന്ന് തിരിച്ചറിഞ്ഞു. പുഞ്ചിലാൽ ഇടയ്ക്കിടെ സംഭാഷണത്തിൽ ഉപയോഗിക്കുന്ന വാക്കുകളായിരുന്നു അത്.
അന്വേഷണ ഉദ്യോഗസ്ഥർ പുഞ്ചിലാലിനെ വീണ്ടും ചോദ്യം ചെയ്തു. തുടക്കത്തിൽ ഭീഷണിപ്പെടുത്തി മറ്റൊരാൾ തന്നെക്കൊണ്ട് കത്ത് അയപ്പിച്ചതാണെന്ന് പറഞ്ഞെങ്കിലും, സംശയം തോന്നിയ പോലീസ് പുഞ്ചിലാലിൻ്റെ വീട്ടിൽ നടത്തിയ തിരച്ചിലിൽ പാഴ്സൽ അയച്ചതിൻ്റെ റെസിപ്റ്റ് കോപ്പി കണ്ടെത്തി. ഈ നിർണായക തെളിവുകൾക്ക് മുന്നിൽ പുഞ്ചിലാൽ സത്യം വെളിപ്പെടുത്തി. താൻ പ്രിൻസിപ്പൽ ആകാൻ കാത്തിരുന്ന സമയത്ത്, 2017 ജനുവരി 25-ന് ശേഖറിൻ്റെ അമ്മയെ പ്രിൻസിപ്പലായി നിയമിച്ചതാണ് ഈ ക്രൂരകൃത്യത്തിന് കാരണം. പ്രിൻസിപ്പൽ സ്ഥാനം നഷ്ടപ്പെട്ടതിലുള്ള നിരാശയും അസൂയയും പ്രതികാരമായി മാറുകയായിരുന്നു.
ഏകദേശം ഏഴുമാസത്തോളം സിനിമകളും പുസ്തകങ്ങളും കണ്ടു പഠിച്ച ശേഷമാണ് ബോംബ് നിർമ്മിക്കാൻ അയാൾ തീരുമാനിച്ചത്. ശേഖറിൻ്റെ വിവാഹ ക്ഷണക്കത്ത് ലഭിച്ചപ്പോൾ സമ്മാനമായി ബോംബ് പാഴ്സൽ അയക്കാമെന്ന് പദ്ധതിയിട്ടു. 2018 ഫെബ്രുവരി 15-ന് മൊബൈൽ ഫോൺ വീട്ടിൽ വച്ച ശേഷം, സിസിടിവിയിൽ പെടാതിരിക്കാൻ ട്രെയിനിൽ റായ്പൂരിലേക്ക് പോയി. മുഖം മറച്ച് കൊറിയർ ഓഫീസിലെത്തി പാഴ്സൽ അയച്ചു. പാഴ്സലിനുള്ളിൽ മധുരപലഹാരങ്ങളാണെന്നാണ് അയാൾ സ്റ്റാഫിനോട് പറഞ്ഞത്. ബോംബ് പൊട്ടിത്തെറിച്ച് ദുരന്തം ഉണ്ടായ ശേഷവും അയാൾ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് വിഷമം അഭിനയിക്കുകയും ചെയ്തു.
പുഞ്ചിലാലിൻ്റെ കുറ്റസമ്മതവും വീട്ടിൽ നിന്ന് ലഭിച്ച രസീത് കോപ്പിയും ബോംബുണ്ടാക്കാൻ ഉപയോഗിച്ച ഗൺപൗഡറിൻ്റെ സാമ്പിളും തെളിവുകളായി പോലീസ് ശേഖരിച്ചു. 2018 ഏപ്രിൽ 24-ന് പോലീസ് പുഞ്ചിലാലിനെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. കേസിൽ ഇപ്പോഴും നിയമനടപടികൾ തുടരുകയാണ്, ശിക്ഷ വിധിച്ചിട്ടില്ല. ഭർത്താവിനെ നഷ്ടപ്പെട്ട റീമ, മറ്റൊരു വിവാഹം വേണ്ടെന്ന് വച്ച്, ശേഖറിൻ്റെ അച്ഛനും അമ്മയ്ക്കും ഒപ്പമാണ് ഇപ്പോൾ കഴിയുന്നത്. ഒരു കസേരയ്ക്ക് വേണ്ടി ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവനെടുത്ത ഈ ദാരുണ സംഭവം അധികാരത്തോടുള്ള ആളുകളുടെ ഭ്രമം ആണ് തുറന്നു കാട്ടുന്നത്.
















