മധ്യപ്രദേശിലെ രത്‌ലാമിൽ സ്കൂളിന്റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ച് ദേശീയ സ്കേറ്റിങ് താരം. ഡോംഗ്രെ നഗറിലെ സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ സ്കേറ്റിങ് ചാംപ്യനാണ് ഗുരുതരമായി പരിക്കേറ്റത്. കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, നിലവിൽ അപകടനില തരണം ചെയ്തതായാണ് വിവരം. വ്യാഴാഴ്ച വിദ്യാർത്ഥി തന്റെ മൊബൈൽ ഫോൺ സ്കൂളിൽ കൊണ്ടുവരികയും ക്ലാസ് മുറിയിൽ വച്ച് വിഡിയോ റെക്കോർഡ് ചെയ്ത് സമൂഹമാധ്യമത്തിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിരുന്നു.
വിഡിയോ കണ്ടെത്തിയ സ്കൂൾ അധികൃതർ മാതാപിതാക്കളെ വിളിച്ചുവരുത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രിൻസിപ്പലിന്റെ ഓഫിസിലേക്കു കുട്ടിയെ വിളിപ്പിക്കുകയും താൻ ചെയ്ത തെറ്റിന് 52 തവണ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെ കുട്ടിയെ സസ്പെൻഡ് ചെയ്യുകയും സ്കേറ്റിങിനു ലഭിച്ച മെഡലുകൾ തിരിച്ചെടുക്കുകയും ചെയ്യുമെന്ന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിനുശേഷമായിരുന്നു ആത്മഹത്യാ ശ്രമം.
















