കേരള നവോത്ഥാന ചരിത്രത്തിലെ അതികായനായ മഹാത്മ അയ്യൻകാളിയുടെ ജീവിതവും സമരചരിത്രവും ചലച്ചിത്രമാക്കാൻ ശ്രമിക്കുന്ന സംവിധായകൻ അരുൺ രാജ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത്. തന്റെ സിനിമാ സംരംഭത്തെ തടസ്സപ്പെടുത്താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയോ സംഘടനയുടെയോ നിലപാടുകൾ കാരണമാകുന്നുണ്ടെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നടിച്ചത്.
‘ഈ സിനിമ ഒരിക്കലും മുന്നോട്ട് പോകില്ല’ എന്ന് ചിലർ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും, അതിന് പിന്നിലെ കാരണം ഇപ്പോൾ വ്യക്തമായി കാണാൻ സാധിക്കുന്നുവെന്നും അരുൺ രാജ് കുറിച്ചു.
പ്രശസ്തരായ നടന്മാർ പിന്മാറിയതും പണം നൽകാമെന്ന് ഉറപ്പുനൽകിയവർ അവസാന നിമിഷം കളമൊഴിഞ്ഞതും ഈ രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്ന് സംവിധായകൻ ആരോപിക്കുന്നു.
മറ്റ് പലരുടെയും ജീവിതകഥകൾ സിനിമയായി വരുമ്പോൾ, അയ്യൻകാളിയുടെ കഥ പറയുന്നതിൽ ചിലർ ഭയപ്പെടുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിക്കുന്നു. ഈ സിനിമയുടെ പേര് ‘മഹാത്മ അയ്യൻകാളി’ എന്നതുതന്നെയാണ് തന്റെ പ്രൊജക്റ്റിന് നേരെ ഉയരുന്ന തടസ്സങ്ങൾക്ക് ഏക കാരണം എന്ന് അരുൺ രാജ് ചൂണ്ടിക്കാട്ടി.
എന്നാൽ ഈ ചരിത്ര ദൗത്യത്തിൽ നിന്ന് പിന്മാറില്ലെന്ന ഉറച്ച നിലപാടിലാണ് സംവിധായകൻ. “ഇത് എന്റെ മാത്രം സ്വപ്നമല്ല, ഒരു ജനതയുടെ സ്വപ്നമാണ്. ഞാൻ അതിനൊരു നിമിത്തം മാത്രമാണ്,” അദ്ദേഹം കുറിച്ചു. തന്റെ ആദ്യ സിനിമയുടെ സമയത്തും സമാനമായ രാഷ്ട്രീയ ഇടപെടലുകൾ കാരണം വിതരണക്കാരെ മാറ്റിക്കേണ്ടി വന്നിരുന്നുവെന്നും, എന്നാൽ ആ ചിത്രം വിജയകരമായി റിലീസ് ചെയ്യാൻ സാധിച്ചെന്നും അരുൺ രാജ് ഓർമ്മിപ്പിച്ചു.
എങ്കിലും, ഈ സിനിമ ഒരു കൂട്ടായ പരിശ്രമം ആവശ്യമുള്ള വലിയ ദൗത്യമാണ്.ചിത്രത്തിന്റെ നിർമ്മാണത്തിനായി കൂട്ടായ പിന്തുണയും സാമ്പത്തിക സഹായവുമാണ് അരുൺ രാജ് അഭ്യർത്ഥിക്കുന്നത്. രണ്ട് വർഷമായി ഈ കഥയ്ക്കായി പോരാടുകയാണെന്നും, പലരുടെയും മുന്നിൽ പോയി നിന്നപ്പോൾ കേൾക്കേണ്ടി വന്ന കളിയാക്കലുകൾ താങ്ങിനിൽക്കാനാവാതെയാണ് ഇപ്പോൾ ജനകീയ പിന്തുണ തേടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആരൊക്കെയാണ് ഈ സിനിമ തടയാൻ ശ്രമിക്കുന്നതെന്നും അവരുടെ ലക്ഷ്യങ്ങൾ എന്താണെന്നും തെളിവുകൾ സഹിതം അടുത്ത പത്രസമ്മേളനങ്ങളിലും ലൈവുകളിലും വ്യക്തമാക്കുമെന്ന മുന്നറിയിപ്പോടെയാണ് അദ്ദേഹം തന്റെ കുറിപ്പ് അവസാനിപ്പിച്ചത്.
















