ശക്തമായ മഴയെത്തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ഇന്തോനേഷ്യയിൽ വലിയ ദുരന്തമായി മാറി. രാജ്യത്ത് മരിച്ചവരുടെ എണ്ണം 303 ആയി ഉയർന്നു. കൂടാതെ 279 പേരെ കാണാതാവുകയും എൺപതിനായിരത്തോളം ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. സുമാത്ര ദ്വീപ് പ്രവിശ്യയിലെ ചില ഭാഗങ്ങളാണ് കൂടുതൽ ഒറ്റപ്പെട്ടത്.
മണ്ണിടിച്ചിലിൽ റോഡുകൾ തകരുകയും ആശയവിനിമയ, അടിസ്ഥാന സൗകര്യങ്ങൾ നശിക്കുകയും ചെയ്തു. ഹെലികോപ്റ്ററുകൾ ഉപയോഗിച്ചു പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. നിരവധി പേരെ ക്യാംപുകളിലേക്ക് മാറ്റി.
ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ ഒരാഴ്ചയായി കനത്ത മഴയാണ്.
ഇന്തോനേഷ്യയിലെ വടക്കന്‍ സുമാത്ര തീരത്തുള്ള ദ്വീപില്‍ രണ്ടു ദിവസം മുൻപ് 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് മഴ ശക്തമായത്.
മണ്ണിടിച്ചിലിനെത്തുടർന്ന് ഉണ്ടായ റോഡ് തടസം മറികടക്കാൻ രക്ഷാസേന ശ്രമിക്കുന്നുണ്ടെന്നും ആളുകൾ റോഡിന്റെ ഒരു ഭാഗത്ത് കുടുങ്ങിക്കിടക്കുകയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതിനായി കൂടുതൽ സൈന്യത്തെ എത്തിക്കുമെന്നും ഇന്തൊനീഷ്യ സൈനിക മേധാവി സുഹര്യാന്റോ വാർത്താ ഏജൻസികളോട് പ്രതികരിച്ചു.
















