ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ പലസ്തീനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 70,000 കടന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2023 ഒക്ടോബർ ഏഴിന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള കണക്കാണിത്. പ്രഖ്യാപിച്ച വെടിനിർത്തലിന് ശേഷവും ഇസ്രയേൽ ആക്രമണം തുടരുന്നതിനാൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
ഈ വെടിനിർത്തൽ കാലയളവിൽ മാത്രം 352 പേർക്ക് ജീവൻ നഷ്ടമായതായാണ് കണക്ക്.
തെക്കൻ ഗാസയിലെ ഖാൻ യൂനുസിനടുത്ത് ബെന്നി സുഹൈയ്ലിയിൽ കഴിഞ്ഞദിവസം രാത്രി ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. 11-ഉം 8-ഉം പ്രായമുള്ള കുട്ടികളാണ് മരിച്ചത്.
ഗാസയിലെ ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഈ സംഭവം സംബന്ധിച്ച് പ്രതികരിക്കാൻ ഇസ്രയേൽ ഇതുവരെ തയ്യാറായിട്ടില്ല. വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും ഗാസയിൽ ആക്രമണം തുടരുന്ന ഇസ്രയേലിന്റെ നിലപാട് ആശങ്ക ഉയർത്തുന്നുണ്ട്.
വെടിനിർത്തൽ കരാർ ലംഘിച്ച് പ്രവർത്തിക്കുന്ന ഭീകരവാദികളെ ലക്ഷ്യമിട്ടാണ് തങ്ങൾ ആക്രമണം നടത്തുന്നത് എന്നാണ് ഇസ്രയേൽ ഇതിനോട് പ്രതികരിച്ചത്. എന്നാൽ, കരാർ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് ഇസ്രയേലിനോട് സമ്മർദ്ദം ചെലുത്താനായി മധ്യസ്ഥരെ സമീപിച്ചതായി വിവരമുണ്ട്.
ഇതിനിടെ സിറിയയിലും ഇസ്രയേൽ സൈന്യം ആക്രമണം തുടരുന്നതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച സിറിയയിൽ നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇസ്രയേലിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ഭീകരവാദ ഗ്രൂപ്പിലെ അംഗങ്ങളെ പിടികൂടാനാണ് ഓപ്പറേഷൻ നടത്തിയതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. ഭീകരവാദികൾ സൈനികർക്ക് നേരെ വെടിയുതിർത്തുവെന്നും ആറ് പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ അവകാശപ്പെട്ടു. ലബനനിലും ഇസ്രയേൽ ആക്രമണം ശക്തമാക്കിയിട്ടുണ്ട്.
















